കോഴിക്കോട്: കൃഷിയിടത്തിൽ കുഴഞ്ഞു വീണ മുതിർന്ന പൗരനെ കായണ്ണ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിൽ കയറ്റുന്നത് തടഞ്ഞ പാലിയേറ്റീവ് നഴ്സിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
സംഭവത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും ജോലിയിൽ തിരികെ പ്രവേശിച്ച നഴ്സിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ് ഉത്തരവ് നൽകിയത്. ജില്ലാ മെഡിക്കൽ ഓഫീസർ സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
മേലൂർ സ്വദേശി പ്രമോദ് നൽകിയ പരാതിയിലാണ് നടപടി. പ്രമോദിന്റെ ഭാര്യാപിതാവ് രവീന്ദ്രൻ നായരാണ് കുഴഞ്ഞു വീണത്. 2018 ഫെബ്രുവരി 15 നായിരുന്നു സംഭവം. അബോധാവസ്ഥയിലായ രവീന്ദ്രൻനായരെ റോഡിലെത്തിച്ചപ്പോഴാണ് അതുവഴി വന്ന ആംബുലൻസിൽ കയറ്റാൻ അതിലുണ്ടായിരുന്ന നഴ്സ് എതിർത്തത്. തുടർന്ന് പേരാന്പ്ര ഇഎംഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും രവീന്ദ്രൻ നായർ മരിച്ചു.
സംഭവത്തിൽ മനപൂർവ്വമായ വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കമ്മീഷനെ അറിയിച്ചു. എന്നാൽ രവീന്ദ്രൻനായരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണം നഴ്സ് നടത്താതിരുന്നത് വീഴ്ചയായി കാണേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. മുക്കാൽ മണിക്കൂറോളം റോഡിൽ കിടത്തിയ ശേഷമാണ് രോഗിയെ ആശുപത്രിയിലെത്തിച്ചതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
അടിയന്തര ശ്രദ്ധ ആവശ്യമുള്ള രോഗിയെ യഥാസമയം ആശുപത്രിയിലെത്തിക്കേണ്ട ബാധ്യത നഴ്സിനുണ്ടായിരുന്നു. ഇക്കാര്യത്തിലുണ്ടായ വീഴ്ച മനുഷ്യത്വരഹിതമാണ്. ആദ്യം സസ്പെൻഷനിലായ നഴ്സ് പിന്നീട് കുറ്റവിമുക്തയാക്കപ്പെട്ടു. ഇത് ശരിയായ നടപടിയല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.