മുള്ളേരിയ(കാസർഗോഡ്): സംസ്കരിക്കാനുള്ള ഒരുക്കത്തിനിടെ യുവാവ് കണ്ണ് തുറന്നു. പോലീസ് ഇടപെട്ട് യുവാവിനെ പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കൊയംകുടലു സ്വദേശിയായ ലക്ഷ്മണ(45)യെയാണ് മരിച്ചെന്നു കരുതി സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ ബന്ധുക്കൾ നടത്തിയത്.
മര്‍ദനമേറ്റ് പരിക്കുകളോടെ ലക്ഷ്മണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഒപ്പം സഹായിയായി നിന്നയാൾ നൽകിയ വിവരം തെറ്റിദ്ധരിച്ചതാണ് പ്രശ്നത്തിനിടയാക്കിയത്. ആശുപത്രിയിൽനിന്ന് ആംബുലൻസിൽ വീട്ടിലെത്തിയപ്പോൾ ലക്ഷ്മണ മരിച്ചെന്നു കരുതി സ്ട്രെച്ചറിലേക്ക് മാറ്റാൻ ഒരുങ്ങിയപ്പോഴാണ് കണ്ണിമ അനങ്ങുന്നതും തുടർന്ന് കണ്ണ് തുറക്കുന്നതും കണ്ടത്.
വിവരമറിഞ്ഞെത്തിയ ആദൂര്‍ പോലീസാണ് ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഒരാഴ്ച മുമ്പാണ് ലക്ഷ്മണയെ ആദൂര്‍ പോലീസ് സ്റ്റേഷനു സമീപത്തായി പുലര്‍ച്ചെ അഞ്ചോടെ റോഡരികില്‍ അവശനിലയില്‍ കണ്ടത്.
ചികിത്സയ്ക്കായി കാസർഗോഡ് ജില്ലാ ആശുപത്രിയിലേക്കും പിന്നിട് മംഗളൂരുവിലെ ദേര്‍ളക്കട്ടയിലെ ആശുപത്രിയിലേക്കും മാറ്റി. ഒരു ബന്ധുവാണ് സഹായിയായി കൂടെയുണ്ടായിരുന്നത്. ലക്ഷ്മണയ്ക്ക് മര്‍ദനമേറ്റാണ് പരിക്കുണ്ടായതെന്നു കാണിച്ച് ആദൂര്‍ പോലീസിന് വിവരം നല്കി. പോലീസെത്തി മൊഴിയെടുത്ത് കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.
പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ലക്ഷ്മണയെ സഹായിക്കാനായി ആശുപത്രിയിൽ നിന്നിരുന്നയാളുടെ ഫോണ്‍സന്ദേശം ബന്ധുക്കള്‍ക്കു ലഭിച്ചത്. ഞങ്ങള്‍ വരുന്നുണ്ടെന്നും ആംബുലന്‍സ് പറഞ്ഞുവിടണമെന്നുമായിരുന്നു സന്ദേശം. അതുപ്രകാരം പഞ്ചായത്ത് ആംബുലന്‍സില്‍ ബന്ധുക്കളില്‍ ചിലര്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു.
ഇതോടെ യുവാവ് മരിച്ചെന്ന് കരുതി സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ വീട്ടുവളപ്പില്‍ നടത്തുകയും ചെയ്തു. ആശുപത്രിയില്‍നിന്ന് എത്തിയ ആംബുലന്‍സില്‍നിന്നു ലക്ഷ്മണയെ പുറത്തെടുക്കാന്‍ സ്ട്രെക്ചറില്‍ കയറ്റുന്നതിനിടെയാണ് കണ്ണുകള്‍ ചലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസെത്തി ലക്ഷ്മണ മരിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയശേഷം ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിലേക്ക് തിരിച്ചെത്താൻ ആംബുലൻസ് അയയ്ക്കണമെന്ന് കൂട്ടിരിപ്പുകാരൻ അറിയിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.