ചാലക്കുടി: ലഹരി കടത്താൻ ആംബുലൻസ് മോഷ്ടിച്ചു കടന്ന യുവാവായ തമിഴ്നാട് സ്വദേശിയെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് വിഴുപ്പുറം ജില്ലയിലെ തൃക്കോയിലൂർ മണലൂർ സ്വദേശി കിഴക്കുൻട്രം ശെന്തിൽ എന്ന ശെന്തിലിനെ(27) ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷിന്റെയും സിഐ ജെ.മാത്യുവിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐ വി.എസ്.വത്സകുമാർ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് നാട്ടുകാരെ അന്പരപ്പിച്ച് നഗരമധ്യത്തിൽനിന്നും ആംബുലൻസുമായി മോഷ്ടാവ് കടന്നുകളഞ്ഞത്. ചാലക്കുടി സ്വദേശി മാനാടൻ ജോയിയുടെ ഉടമസ്ഥതയിലുള്ള ലൈഫ് ഫോഴ്സ് ആംബുലൻസ് വാനാണ് മോഷ്ടിച്ചത്. ഡ്രൈവർ ടെറിൻ ഓട്ടം കഴിഞ്ഞ് ഫുൾടാങ്ക് ഇന്ധനവും നിറച്ച് ആംബുലൻസ് മേൽപാലത്തിനു താഴെ സ്ഥിരമായി പാർക്ക് ചെയ്യുന്ന സ്ഥലത്തു നിർത്തിയശേഷം മൊബൈൽ ഫോണ് റീചാർജ് ചെയ്യുന്നതിനായി സമീപത്തെ കടയിലേക്കു പോയ തക്കം നോക്കിയാണ് ശെന്തിൽ ആംബുലൻസുമായി കടന്നത്.
താക്കോൽ വാഹനത്തിൽനിന്നും എടുക്കാതെയാണ് ടെറിൻ കടയിലേക്കു പോയത്. ആംബുലൻസ് സൈറൺ മുഴക്കി അങ്കമാലി ഭാഗത്തേക്ക് ഓടിച്ചു പോകുന്നതു ഡ്രൈവർ ടെറിനും അടുത്ത ഡ്യൂട്ടിക്കു കയറേണ്ട ഡ്രൈവറും കണ്ടിരുന്നു. എന്നാൽ രണ്ടുപേരും പരസ്പരം മറ്റേയാൾ ആംബുലൻസ് കൊണ്ടുപോയതാണെന്നു കരുതി. രണ്ടുപേരും പാർക്കിംഗ് സ്ഥലത്ത് എത്തിയപ്പോഴാണ് വാൻ മോഷണം പോയതാണെന്നു മനസിലായത്. ഉടനേ ചാലക്കുടി പോലീസിൽ വിവരം അറിയിച്ചു.
പോലീസ് പല സംഘങ്ങളായി തെരച്ചിൽ ആരംഭിച്ചു. ഒരു സംഘം അങ്കമാലി ഭാഗത്തേക്കു കുതിച്ചപ്പോൾ മറ്റു രണ്ടു സംഘങ്ങൾ സിസിടിവി കാമറകൾ പരിശോധിച്ചു. അങ്ങനെയാണ് അപരിചിതനായ ഒരാൾ ആംബുലൻസിനു സമീപത്തേക്കു ധൃതിയിൽ പോകുന്ന ദൃശ്യം ലഭിച്ചത്.
ഡിവൈഎസ്പിയുടെ നിർദേശപ്രകാരം വിവിധ പോലീസ് ഗ്രൂപ്പുകളിലും തമിഴ്നാട് അതിർത്തിയിലും ഫോട്ടോസഹിതം വിവരങ്ങൾ കൈമാറി. അങ്കമാലിയിൽനിന്നും എംസി റോഡ് വഴി പോയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. പെരുന്പാവൂരിൽനിന്നും തിരിഞ്ഞ് ആലുവായിലെത്തി കണ്ടെയ്നർ റോഡുവഴി ദേശീയപാത 17ൽ കടന്നു തമിഴ്നാട്ടിലേക്കു കടക്കാനായിരുന്നു പദ്ധതി.
ടോൾപ്ലാസ ഒഴിവാക്കാനായിരുന്നു ഇത്. വരാപ്പുഴയിൽ എത്തിയപ്പോൾ മോഷണവിവരം അറിഞ്ഞ് പരിശോധന നടത്തുകയായിരുന്ന സംഘത്തിന്റെ മുന്നിൽ വന്നുപെടുകയായിരുന്നു.തുടർന്ന് പ്രതിയെ ചാലക്കുടിയിൽ കൊണ്ടുവന്ന് വിശദമായ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
ക്രൈം സ്ക്വാഡ് എസ്ഐ ജിനുമോൻ തച്ചേത്ത്, സീനിയർ സിപിഒമാരായ സതീശൻ മടപ്പാട്ടിൽ, സി.എ.ജോബ്, റോയ് പൗലോസ്, പി.എം.മൂസ, സിപിഒമാരായ എ.യു.റെജി, എം.ജെ.ബിനു, വി.ജെ.തോമസ് എന്നിവരും, ചാലക്കുടി സ്റ്റേഷനിലെ സീനിയർ സിപിഒ മുഹമ്മദ് റാഫി, രാജേഷ് ചന്ദ്രൻ, ഷൈജു ദീപു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ശെന്തിൽ ഒരു കൊടും ക്രിമിനൽ
ചാലക്കുടി: ആംബുലൻസ് മോഷണക്കേസിൽ അറസ്റ്റിലായ ശെന്തിൽ കൊടുംക്രിമിനൽ. വിഴുപ്പുറം ജില്ലയിലെ മണലൂർ ഗ്രാമത്തിലെ ശെന്തിൽ എന്ന യുവാവ് പഴക്കച്ചവടത്തിനാണ് ചെന്നൈയിൽ എത്തിയത്. കോയമ്മേടിനു സമീപം പഴക്കടയിട്ടു കച്ചവടം നടത്തുന്പോഴാണ് ലഹരി വ്യാപാരത്തിലേക്കു തിരിയുന്നത്. ഇതോടെ ചെന്നൈ പോലീസിന്റെ നോട്ടപ്പുള്ളിയായി.
വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടതോടെയാണ് ഗ്രാമത്തിന്റെ പേരിനൊപ്പം കിഴക്കുൻട്രം ശെന്തിൽ എന്ന് അറിയപ്പെടാൻ തുടങ്ങിയത്. 2014-ൽ തന്റെ ലഹരിവില്പനയുടെ വിവരം പോലീസിന് ഒറ്റിക്കൊടുത്ത തിരുവാണ്മിയൂർ സ്വദേശിയെ പുളിയതോപ്പിനു സമീപം ശെന്തിലും സംഘവും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ഈ കേസിൽ ചെന്നൈ സെൻട്രൽ ജയിലിൽ മൂന്നു മാസം തടവിലായിരുന്നു. അവിടെ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങി. നാട്ടിൽ തിരിച്ചെത്തിയശേഷം നിരവധി അടിപിടിക്കേസുകളിൽ പ്രതിയായി. ഇതോടെ ഹോസൂരിലേക്കു കടന്നു.
കേരളത്തിലേക്കു പച്ചക്കറി എത്തിക്കുന്ന ലോറികളിൽ ജീവനക്കാരനായി തുടർന്നുവരികയായിരുന്നു. ലഹരിവില്പനയ്ക്കുവേണ്ടിയാണ് വാൻ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് ഇയാൾ സമ്മതിച്ചു. കൂടുതൽ മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഇയാളുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.