പറവൂർ: പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ വീട്ടമ്മ മരിച്ച സംഭവത്തിൽ വീട്ടമ്മയെ വിദഗ്ധ ചികിത്സക്കായി ആംബുലൻസിൽ കൊണ്ടുപോകാൻ വൈകിയതിന് കാരണം വാടക ഇനത്തിൽ മുഴുവൻ തുകയും വേണമെന്ന നിർബന്ധം.
700 രൂപയാണ് രോഗിയുടെ ബന്ധുക്കളുടെ കൈയിൽ ഉണ്ടായിരുന്നത്. 900 രൂപ ആവശ്യപ്പെട്ട ഡ്രൈവർ ഇതില്ലാതെ മുന്നോട്ട് പോകില്ലെന്ന് നിലപാടെടുക്കുകയായിരുന്നു.
ഈ സമയത്ത് രോഗി കൂടുതൽ അവശയായി. പണം സംഘടിപ്പിച്ച് വന്ന ശേഷമാണ് ആംബുലൻസ് പുറപ്പെട്ടത്. എറണാകുളം ജനറൽ ആശുപത്രിയിലെത്തിയതിന് പിന്നാലെ രോഗി മരിക്കുകയും ചെയ്തു.
നീണ്ടൂർ കൈതക്കൽ വീട്ടിൽ അസ്മ (72) യാണ് മരണപ്പെട്ടത്. സംഭവത്തിൽ ഗവ. താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറുടെ അനാസ്ഥമൂലമെന്ന് കാണിച്ച് അസ്മയുടെ ചെറുമകൻ കെ.എ. മനാഫ്, വാർഡംഗം വി.എ. താജുദ്ദീൻ എന്നിവർ ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കിയിട്ടുണ്ട്.
കടുത്ത പനിയെത്തുടർന്ന് ഇന്നലെ രാവിലെയാണ് അസ്മയെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രോഗം കലശലായതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദേശം നൽകി.
രോഗിയെ ആശുപത്രിയുടെ ആംബുലൻസിൽ കയറ്റിയെങ്കിലും വാഹനവാടകയായ 900 രൂപ തന്നാൽ മാത്രമേ കൊണ്ടുപോകൂ എന്ന് ഡ്രൈവർ പറഞ്ഞതായി പരാതിയിൽ പറയുന്നു.
ഈ സമയം കൂടെയുണ്ടായിരുന്ന മകളുടെ കൈവശം ഇത്രയും പണം ഉണ്ടായിരുന്നില്ല. രോഗിയെ എത്തിച്ച ശേഷം ബാക്കി പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവർ വഴങ്ങിയില്ലത്രെ.
അരമണിക്കൂറിനു ശേഷം നീണ്ടൂരുള്ള വീട്ടിലെത്തി പണം എടുത്ത് ഡ്രൈവർക്കു നൽകിയ ശേഷമാണ് രോഗിയെയും കൊണ്ട് ജനറൽ ആശുപത്രിയിലേക്ക് പോകാൻ തയാറായത്.
അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: പണം മുന്‍കൂട്ടി നല്‍കാത്തതിന്റെ പേരില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെടാന്‍ വൈകിയതിനാല്‍ രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.