തലശേരി: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി വരികയായിരുന്ന ആംബുലൻസിന് കാർ സൈഡ് നൽകിയില്ല. രോഗി മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ കൂത്തുപറമ്പ്-തലശേരി റൂട്ടിൽ പൊന്ന്യത്താണ് സംഭവം. മട്ടന്നൂർ കളറോഡ് സ്വദേശിനി റുഖിയ (72) യാണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്നു തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസിനാണ് മുന്നിൽ പോയ കാർ സൈഡ് നൽകാതിരുന്നത്. മൂന്നുതവണ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും സ്ഥലമുണ്ടായിട്ടും കാർ യാത്രക്കാരൻ സൈഡ് തന്നില്ലെന്ന് ആംബുലൻസ് ഡ്രൈവർ ശരത്ത് രാഷ്ട്രദീപികയോട് പറഞ്ഞു.
റുഖിയയുടെ നില അപകടത്തിലായതിനാൽ മട്ടന്നൂരിലെ ആശുപത്രിയിൽനിന്നു ഡോക്ടർ ഉൾപ്പെടെ ആംബുലൻസിൽ കയറിയിരുന്നു. ആംബുലൻസിനുള്ളിൽ വച്ച് സിപിആർ നൽകുയും ചെയ്തിരുന്നു. ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുമ്പോഴേക്കും രോഗി മരണമടഞ്ഞിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.