പത്തനംതിട്ട: 108 ആംബുലന്കില് പത്തൊമ്പതുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ നടപടിക്കു സാധ്യത.
ഇത്തരമൊരു സംഭവത്തിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഭരണപക്ഷ എംഎല്‍എമാര്‍ അടക്കം ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാക്കള്‍ പ്രക്ഷോഭരംഗത്തുമാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രി അടൂര്‍ വടക്കടത്തുകാവില്നിന്ന് പത്തൊമ്പതുകാരിയെ ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുപോയത് തികച്ചും നിരുത്തരവാദപരമായിരുന്നുവെന്ന് ആരോഗ്യവകുപ്പ് തന്നെ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി.
പെണ്‍കുട്ടിയെ പീഡിപ്പിക്കണമെന്ന ലക്ഷ്യത്തോടെ മനപ്പൂര്‍വമാണ് ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ പെരുമാറിയിട്ടുള്ളതെന്ന് പ്രാഥമികമായി തന്നെ വ്യക്തമാക്കിയാണ് ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ ആരോഗ്യമന്ത്രിക്കു പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്.
ഇത്തരമൊരു സാഹചര്യം ഒരുക്കി നല്‍കിയത് ഉദ്യോഗസ്ഥതല വീഴ്ചയായും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാത്രി 11നാണ് പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കയറ്റുന്നത്.
അന്നു രാവിലെ വന്ന പട്ടികയിലുള്‍പ്പെട്ട പെണ്‍കുട്ടിയെയാണ് രാത്രി വൈകി ആശുപത്രിയിലേക്കു നീക്കാന്‍ ശ്രമിച്ചത്. ഫലം വന്ന് 13 മണിക്കൂറോളം കാത്തിരിപ്പ് വേണ്ടിവന്നു.
ആംബുലന്‍സുകളുടെ ലഭ്യതക്കുറവ്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുഖേനയുള്ള വിവര ശേഖരണം, രോഗലക്ഷണം ഇവയൊക്കെ പരിഗണിച്ചാണ് പലപ്പോഴും കോവിഡ് പോസിറ്റീവാകുന്നവരെ ആശുപത്രികളിലേക്കു കൊണ്ടുവരുന്നത്.
സ്വാഭാവികമായി ഇത്തരം നടപടികള്‍ രാത്രിയിലാണ് നടന്നുവന്നത്. പോസിറ്റീവാകുന്നവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ നല്കി ഇവരെ ആശുപത്രികളിലെത്തിക്കുന്നതിനുള്ള ചുമതല ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കാണ് നല്‍കുന്നത്.
അടൂര്‍ വടക്കടത്തുകാവിലേക്ക് അയച്ച ആംബുലന്‍സിന്റെ ഇന്ധനം തീര്‍ന്ന വിവരവും പകരമായി നൗഫല്‍ ഓടിച്ച ആംബുലന്‍സ് വിട്ടതുമൊക്കെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അറിയുന്നത് വൈകിയാണ്.
20 മിനിട്ടുകൊണ്ട് പന്തളം വരെ എത്തേണ്ട ആംബുലന്‍സ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എത്താതിരുന്നപ്പോഴും അന്വേഷണം ഉണ്ടായില്ല. യാത്രയുമായി ബന്ധപ്പെട്ട് ഇടയ്ക്കും ഒരു അന്വേഷണവും നടന്നില്ല.
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തിയപ്പോഴും ആംബുലന്‍സില്‍ ഒരു പെണ്‍കുട്ടി മാത്രമേയുള്ളൂവെന്ന കാര്യം ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചില്ല. ഇത്തരത്തില്‍ ഉണ്ടായ അശ്രദ്ധയാണ് ആരോഗ്യവകുപ്പിനെ അപമാനത്തിലേക്കു നയിച്ചതെന്നാണ് വകുപ്പുതല വിലയിരുത്തല്‍.
പോലീസിന്റെ പ്രാഥമികാന്വേഷണത്തിലും ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ട്.ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെ 108 ആംബുലന്‍സ് ഡ്രൈവറായി നിയോഗിച്ചതും ആംബുലന്‍സില്‍ സഹായി ഇല്ലാതിരുന്നതും വീഴ്ചയായി പോലീസ് കണ്ടെത്തലിലുണ്ട്.
കോവിഡ് വ്യാപന സാധ്യത ഒഴിവാക്കാനായി ആരോഗ്യവകുപ്പ് തന്നെയാണ് സഹായിയെ ഒഴിവാക്കിയതെന്ന് പറയുന്നു.