പത്തനംതിട്ട: ആംബുലന്‍സില്‍ ക്രൂരപീഡനത്തിനിരയായ പത്തൊമ്പതുകാരിയുടെ വിശദമൊഴി രേഖപ്പെടുത്താനാകാതെ പോലീസ് അന്വേഷണസംഘം. അതിക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജിലെ സൈക്യാട്രിക് വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.
കോവിഡ് ബാധിതയായ പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലേക്കു കൊണ്ടുവരുമ്പോള്‍ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ആറന്മുളയ്ക്കു സമീപം ആംബുലന്‍സ് ഡ്രൈവര്‍ ക്രൂരപീഡനത്തിനിരയാക്കിയത്.
കസ്റ്റഡിയിൽ ഇന്നു തീരുമാനം
കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ അടൂര്‍ വടക്കടത്തുകാവില്‍ നിന്നു പന്തളത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുന്നതിനായി ആംബുലന്‍സില്‍ കയറ്റി നാടുചുറ്റിയശേഷം ആറന്മുളയ്ക്കു സമീപം വിജനമായ സ്ഥലത്തെത്തിച്ച് ഡ്രൈവര്‍ നൗഫല്‍ ക്രൂര പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
റിമാന്‍ഡിലായ നൗഫലിന്റെ കസ്റ്റഡി അപേക്ഷയില്‍ ഇന്നു കോടതി തീരുമാനമുണ്ടായേക്കും. ഇയാളുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നു റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകളില്‍ ഫലം നെഗറ്റീവാണ്.
എന്നിരുന്നാലും 14 ദിവസത്തേക്ക് ഇയാള്‍ക്ക് നിരീക്ഷണമുണ്ടാകും. പോലീസ് കസ്റ്റഡിയില്‍ ലഭിച്ചാലും ചോദ്യം ചെയ്യല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും.
അതിക്രൂരം!
108 ആംബുലന്‍സ് ഡ്രൈവറായിരുന്ന കായംകുളം സ്വദേശി നൗഫല്‍ വടക്കടത്തുകാവില്‍ നിന്ന് പത്തൊമ്പതുകാരിക്കൊപ്പം കോവിഡ് ബാധിതയായ 42 കാരിയെയും വാഹനത്തില്‍ കയറ്റിയിരുന്നു.
നാല്പത്തിരണ്ടുകാരിയെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചശേഷമാണ് പെണ്‍കുട്ടിയുമായി പന്തളത്തേക്കു പുറപ്പെട്ടത്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ രാത്രി 12 ഓടെയാണെത്തിയത്.
അരമണിക്കൂറോളം ഇവിടെ ചെലവഴിച്ചതായി പറയുന്നു. കോഴഞ്ചേരിയില്‍ നിന്നു യാത്ര തുടങ്ങിയപ്പോള്‍ തന്നെ പെണ്‍കുട്ടിയോട് ഇയാള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു.
ആറന്മുള കഴിഞ്ഞ് നാല്‍ക്കാലിക്കലില്‍ വിമാനത്താവളത്തിനായി എടുത്തിട്ടിരുന്ന ഭൂമിക്കു സമീപത്തേക്ക് വാഹനം ഓടിച്ചുകയറ്റുകയായിരുന്നു.
പുറത്തിറങ്ങിയ നൗഫല്‍ പിപിഇ കിറ്റ് അഴിച്ചശേഷം പിന്നിലെ വാതില്‍ തുറന്ന് ആംബുലന്‍സിനുള്ളില്‍ കയറി. ഇതിനിടെ പെണ്‍കുട്ടിയ കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറി മാറിയ പെണ്‍കുട്ടി ആംബുലന്‍സിനുള്ളില്‍ വീണു.
വാതില്‍ കുറ്റിയിട്ടിരുന്നതിനാല്‍ പുറത്തേക്കു ചാടാനുമായില്ല. പെണ്‍കുട്ടിയുടെ കാലിന്റെ മുട്ടിലെ പരിക്ക് വീഴ്ചയിലുള്ളതാണെന്നു കണ്ടെത്തി. തന്നെ ഉപദ്രവിക്കരുതെന്ന് പെണ്‍കുട്ടി കേണപേക്ഷിച്ചിട്ടും നൗഫല്‍ വെറുതെവിട്ടില്ലെന്നാണ് മൊഴി.
ആര്‍ത്തവകാലം കൂടിയായതിനാല്‍ ചെറുത്തു നില്‍ക്കാനുള്ള ശേഷി പോലുമുണ്ടായില്ലെന്ന് കുട്ടി പറയുന്നു. കോവിഡ് പോസിറ്റീവായതിലെ മാനസികാവസ്ഥയും ശാരീരികമായ അസ്വസ്ഥതകളും എല്ലാംകാരണം ദുര്‍ബലാവസ്ഥയിലായ പെണ്‍കുട്ടിയെ പ്രതി കീഴ്പെടുത്തുകയായിരുന്നു. അതിക്രൂരമായ രീതിയില്‍ പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചതായി മെഡിക്കല്‍ പരിശോധനയിലും വ്യക്തമായിട്ടുണ്ട്.
ശാരീരികാവസ്ഥയും മാനസികനിലയും കണക്കിലെടുത്താണ് പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. സൈക്യാട്രിക് വിഭാഗം ഡോക്ടര്‍മാരുടെ ചികിത്സയും പെണ്‍കുട്ടിക്ക് ഉറപ്പാക്കിയിട്ടുണ്ട്. മാതാവും ഒപ്പമുണ്ട്.