കേരള പോലീസിന് അനുകരിക്കാം ഈ മാതൃക ! ആംബുലന്‍സാണ് എരുമേലി പോലീസ് ജീപ്പ്

1800

എരുമേലി: അപകടങ്ങളില്‍ പരിക്കുകളേറ്റ് അസ്ഥികള്‍ ഒടിഞ്ഞുനുറുങ്ങിയവരെ പോലീസ് ജീപ്പില്‍ എങ്ങനെ കൊണ്ടുപോകുമെന്നോര്‍ത്ത് ഇനി പോലീസിന് വേവലാതി വേണ്ട. ആംബുലന്‍സെത്തുന്നതു വരെ നിസഹായരായി കാത്തിരിക്കുകയും വേണ്ട. ഇക്കാര്യത്തില്‍ പോലീസ് സേനയ്ക്ക് തന്നെ മാതൃകയായിരിക്കുകയാണ് എരുമേലി പോലീസ്.

രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചശേഷം മടക്കിവെക്കാവുന്ന സ്ട്രക്ചറാണ് എരുമേലി പോലിസിന്റെ ബൊലേറോ ജീപ്പിലുളളത്. കഴിഞ്ഞ ശബരിമല സീസണില്‍ ഒരേ സമയം ആംബുലന്‍സ് കൂടിയായിരുന്നു ഈ ജീപ്പ്. എരുമേലി സ്‌റ്റേഷനിലെ െ്രെഡവര്‍ പ്രതാപചന്ദ്രന്റേതായിരുന്നു ഈ ആശയം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അര്‍ധരാത്രിയില്‍ റോഡില്‍ അപകടത്തില്‍ പരിക്കുകളേറ്റ് കിടന്ന യുവാവിനെ ആശുപത്രിയിലാക്കാന്‍ പോലീസ് ജീപ്പുണ്ടായിട്ടും ആംബുലന്‍സിനെ ആശ്രയിക്കേണ്ടി വന്നു. കൈകള്‍ക്കും കാലുകളിലും എല്ലുകളില്‍ പൊട്ടലേറ്റതിനാല്‍ യുവാവിനെ ജീപ്പില്‍ കയറ്റുന്നത് പരിക്കുകള്‍ മാരകമാക്കുമെന്നുളളതായിരുന്നു കാരണം. ഇതേല്‍പ്പിച്ച മനോവിഷമത്തില്‍ നിന്നാണ് ജീപ്പിനുളളില്‍ മടക്കിവയ്ക്കാവുന്ന സ്ട്രക്ചര്‍ ഘടിപ്പിക്കുന്നതിലേക്ക് പ്രതാപചന്ദ്രനെത്തിയത്.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എം. ജിജിമോന്‍ ശബരിമല തീര്‍ഥാടനകാലത്ത് അപകടങ്ങള്‍ വര്‍ധിക്കുന്നത് ഉന്നയിച്ച് വകുപ്പുതല അനുമതി വാങ്ങിയതോടെ കാര്യങ്ങള്‍ എളുപ്പമായി. എരുമേലി എസ്‌ഐ ജെര്‍ലിന്‍ വി. സ്കറിയയും പോലീസുകാരും സ്ട്രക്ചര്‍ നിര്‍മാണത്തിന് പണം നല്‍കി പ്രതാപചന്ദ്രനെ സഹായിച്ചതോടെ സ്ട്രക്ചര്‍ റെഡിയായി.

ഗൂഗിളില്‍ പരിശോധിച്ചാണ് സ്ട്രക്ചര്‍ രൂപകല്‍പന ചെയ്തത്. പരിക്കേറ്റയാളുടെ ശരീരം ഇളകാത്ത വിധം സ്ട്രക്ചറില്‍ കിടത്താന്‍ ബെല്‍റ്റുമുണ്ട്. ഉപയോഗം കഴിഞ്ഞ് സ്ട്രക്ചര്‍ ജീപ്പിനുളളില്‍ സീറ്റിനടിയില്‍ മടക്കി വെയ്ക്കാം. ആറടിയിലേറെ ഉയരമുളളവരെയും ഈ സ്ട്രക്ചറില്‍ കിടത്താം. സ്ട്രക്ചര്‍ ഉപയോഗിക്കുമ്പോഴും ജീപ്പിനുളളില്‍ സീറ്റിലിരുന്ന് തന്നെ യാത്രചെയ്യാനാകും . സവിശേഷമായ ഈ ആശയത്തിലൂടെ എരുമേലി പോലിസിന്റെ സേവനങ്ങള്‍ക്ക് തിളക്കമേറുകയാണ്. ഒപ്പം രക്ഷാപ്രവര്‍ത്തനത്തിന് വേഗവും സുരക്ഷയുമുളള മാതൃക പകര്‍ന്ന പ്രതാപചന്ദ്രന് അകമഴിഞ്ഞ ചാരിതാര്‍ഥ്യവും.

Related posts