മാറനല്ലൂർ: അഗ്നിശമന സേനയുടെ ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. പേരെക്കോണം അഖിലാ ഭവനിൽ അനീഷിന്റെ ഭാര്യ അഖിലയാണ് ആംബുലൻസിൽ ആണ്‍കുഞ്ഞിന് ജന്മം നൽകിയത്. ബൈക്കിൽ ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു യുവതിക്ക് പ്രസവ വേദന ആരംഭിച്ചത്.
തുടർന്ന് അഖിലയെ തെട്ടടുത്ത വെയിറ്റിംഗ് ഷെഡിൽ കിടത്തിയ അനീഷ് നെയ്യാർഡാം അഗ്നിമനാ സേനയിലെ ആംബുലൻസിനെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടയിൽ ആംബുലൻസ് രണ്ട് കിലോമീറ്റർ പിന്നിടുന്പോൾ വീണ്ടും വേദന കൂടിയതിനെ തുടർന്ന് വാഹനം വഴിയരികിൽ നിർത്തുകയും അഖില പ്രസവിക്കുകയുമായിരുന്നു.
തൊട്ടടുത്ത് സ്ത്രീകളെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ അഗ്നി ശമനസേനയിലെ ഹോംഗാർഡ് ബിജുകുമാറും ഡ്രൈവർ എം. രാജീവും അനീഷിന് നിർദേശങ്ങൾ നൽകി ധൈര്യം പകർന്നതോടെ അനീഷ് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
തുടർന്ന് പൊക്കിൾകൊടിക്ക് പരിക്കേൽക്കാതെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ഉച്ചയോടെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇന്നലെ ഒബ്സർവേഷൻ വിഭാഗത്തിൽ പ്രവേശിപ്പിച്ച അഖിലയെ ഇന്ന് വാർഡിലേക്ക് മാറ്റും. കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.രണ്ടരവയസുളള ആദി ശേഷനാണ് അനീഷിന്റെ മുത്തമകൻ .