സ്വന്തം ലേഖകന്‍
മുളങ്കുന്നത്തുകാവ്: ചീറിപ്പാഞ്ഞുവരുന്ന ആംബുലന്‍സുകളുടെ ഓവര്‍സ്പീഡും കാതടപ്പിക്കുന്ന സൈറണും നിയന്ത്രിക്കാന്‍ ട്രീറ്റ്മെന്റുമായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് രോഗികളേയും പരിക്കേറ്റവരേയും ഗുരുതരാവസ്ഥയിലുള്ളവരേയുമൊക്കെ കൊണ്ട് പാഞ്ഞുവരുന്ന ആംബുലന്‍സുകളടക്കമുള്ള വാഹനങ്ങള്‍ക്ക് മിക്കപ്പോഴും അമിത വേഗതയാണെന്ന് പരക്കെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വേഗത നിയന്ത്രിക്കാനും ഉച്ചത്തിലുള്ള സൈറണ്‍ മൂലം ബുദ്ധിമുട്ടുണ്ടെന്ന അത്യാഹിത വിഭാഗത്തിലെ അടക്കുള്ള രോഗികളുടെ പരാതിയെ തുടര്‍ന്ന് ആംബുലന്‍സുകളുടേയും മറ്റും ഹോണടി നിയന്ത്രിക്കാനും മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ തീരുമാനമെടുത്തത്.
അത്യാഹിത വിഭാഗത്തിന്റെ അമ്പത് മീറ്റര്‍ അകലെ വരെ ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കരുതെന്നാണ് നിയമമെങ്കിലും പലപ്പോഴും ഡ്രൈവര്‍മാര്‍ അത് പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇടക്കിടെ സൈറണ്‍ മുഴക്കിയെത്തുന്ന ആംബുലന്‍സുകള്‍ അത്യാഹിത വിഭാഗത്തില്‍ കിടക്കുന്ന രോഗികള്‍ക്കും വാര്‍ഡുകളിലെ രോഗികള്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന പരാതിയും വ്യാപകമായ പശ്ചാത്തലത്തിലാണ് വേഗ-ശബ്ദ നിയന്ത്രണം നടപ്പാക്കുന്നത്.
ആശുപത്രി പരിസരത്ത് ഹോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ആശുപത്രി കോമ്പൗണ്ടില്‍ 20 കി.മീ വേഗത മാത്രമേ വേഗത പാടുള്ളുവെന്നും നിര്‍ദ്ദേശിച്ചുള്ള ബോര്‍ഡുകള്‍ ആശുപത്രി കോമ്പൗണ്ടിലും മതിലുകളിലും വാഹനങ്ങള്‍ വരുന്ന വഴിയിലും സ്ഥാപിച്ചിട്ടുണ്ട്.
അമിതവേഗതയില്‍ ആംബുലന്‍സുകളും മറ്റും ആശുപത്രി കോമ്പൗണ്ടിലേക്ക് കടക്കുമ്പോള്‍ അത് മറ്റു പല അപകടങ്ങള്‍ക്കും വഴിവെക്കുമെന്നതിനാലാണ് വേഗനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വേഗത നിയന്ത്രിക്കാന്‍ സ്ഥാപിച്ച ഡിവൈഡറിനു മുകളിലൂടെ സാഹസികമായി വണ്ടി ഓടിക്കുന്ന ന്യൂജെന്‍ ഡ്രൈവര്‍മാര്‍ അത്യാഹിത വിഭാഗത്തിന്റെ ചുമരുകള്‍ പലപ്പോഴും തകര്ത്തിട്ടുമുണ്ടത്രെ.
ഇത് നന്നാക്കാനായി ആശുപത്രിക്ക് നല്ലൊരു തുക തന്നെ ചിലവഴിക്കേണ്ടി വന്നിട്ടുള്ളതായും പറയുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി എത്തുന്നവരും ആശുപത്രി ജീവനക്കാരും മറ്റും ഇത്തരം ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ നിന്ന തലനാരിഴയ്ക്കാണത്രെ രക്ഷപ്പെടാറുള്ളത്.
വേഗത്തിനും ശബ്ദത്തിനും കടിഞ്ഞാണിടാന്‍ രണ്ടുംകല്പിച്ച് രംഗത്തിറങ്ങിയിട്ടുള്ള ആശുപത്രി അധികൃതര്‍ പോലീസിനോടും കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചിലര്‍ക്കെതിരെ പോലീസ് നടപടിയെടുത്തു കഴിഞ്ഞു.