മുംബൈ: അത്ഭുതകരമായ രക്ഷപ്പെടൽ എന്നുപറഞ്ഞാൽ ഇതാണ്. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ആംബുലൻസിന് തീപിടിച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ നിന്നും ഗർഭിണിയായ യുവതിയും കുടുംബവും തലനാരിഴയ്ക്ക് രക്ഷപെട്ടു.
യുവതിയെ എരണ്ടോൾ സർക്കാർ ആശുപത്രിയിൽ നിന്ന് ജൽഗാവ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ദാദാ വാദി മേഖലയിലെ ദേശീയ പാതയിലെ മേൽപ്പാലത്തിലാണ് സംഭവം.
ആംബുലൻസിന്റെ എഞ്ചിനാണ് തീപിടിച്ചത്. തീ കണ്ടയുടൻ തന്നെ ഡ്രൈവർ വാഹനം നിർത്തി ഗർഭിണിയായ യുവതിയെയും കുടുംബത്തെയും പുറത്തിറക്കി. തുടർന്ന് ഇവരെ സുരക്ഷിതമായ ദൂരത്തേക്ക് മാറ്റി നിർത്തി.
നിമിഷങ്ങൾക്കുള്ളിൽ തന്നെ വാഹനം പൂർണമായി കത്തിയെരിയുകയും സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ചില വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. വാഹനത്തിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.