അന്പലപ്പുഴ: ആധുനിക രീതിയിരുള്ള ആംബുലൻസുകൾ ഏർപ്പാടാക്കി കമ്മീഷൻ പറ്റുന്ന സംഘം മെഡിക്കൽ കോളജാശുപത്രിയിൽ വിലസുന്നു. വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന രോഗികളെയാണ് ഇത്തരക്കാർ വലയിൽ വീഴ്ത്തുന്നത്. ഐസിയു ആംബുലൻസ് തരപ്പെടുത്തി നൽകി ആശുപത്രിയിലെ തന്നെ ചില ജീവനക്കാർ കമ്മീഷൻ പറ്റുന്നതായാണ് ആക്ഷേപം.
അംബുലൻസിൽ നിന്നു കിട്ടുന്ന കമ്മീഷനു പുറമെ രോഗിയെ എത്തിക്കുന്ന സ്വകാര്യ ആശുപത്രികളിൽ നിന്നും വൻ തുക കമ്മീഷനായി ലഭിക്കുമെന്നും പറയപ്പെടുന്നു. സെക്യൂരിറ്റി ജീവനക്കാർ എയ്ഡ് പോസ്റ്റിലെ ചില പോലീസുകാർ, ഹൗസ് സർജൻമാർ അടക്കമുള്ളവരാണ് ഇതിൽ കണ്ണികളായി പ്രവർത്തിക്കുന്നത്.
സാധാരണ ആംബുലൻസുകൾ എറണാകുളത്തേക്ക് പോകുന്നതിനായി 2700 രൂപ വാങ്ങുന്പോൾ വെളിയിൽ നിന്ന് ഇവർ ഏർപ്പാടാക്കുന്ന ആധുനിക സജ്ജീകരണങ്ങളുള്ള അംബുലൻസുകൾ ഒൻപതിനായിരം രൂപയാണ് വാങ്ങുന്നത്.
എന്നാൽ ഓക്സിജൻ അടക്കമുള്ള ചികിൽസാ സൗകര്യങ്ങളൊന്നും ഓട്ടത്തിനിടയിൽ രോഗികൾക്ക് കിട്ടാറില്ലന്നും പരാതിയുണ്ട്.
വാഹനാപകടങ്ങളിൽ പെട്ടെത്തുന്ന രോഗികളുടെ ബന്ധുക്കളാണ് കൂടുതലായും ഇടനിലക്കാരുടെ ചൂഷണത്തിനിരയാകുന്നത്. രോഗികളെ പിഴിയുന്ന ഇവരുടെ നടപടിക്കെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനുള്ള നീക്കത്തിലാണ് യുവജന സംഘടനകൾ.