മൂന്നേകാല്‍ മണിക്കൂറുകൊണ്ട് ആംബുലന്‍സ് പിന്നിട്ടത് 284 കിലോമീറ്റര്‍; 740 ഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ മരണപ്പാച്ചിലിന്റെ കഥ ഇങ്ങനെ…


തൃശൂര്‍: മൂന്നേകാല്‍ മണിക്കൂറുകൊണ്ട് ആംബുലന്‍സ് ഓടിയത് 284 കിലോമീറ്റര്‍. 740 ഗ്രാം മാത്രം തൂക്കവുമായി ഏഴു ദിവസം മുമ്പ് ജനിച്ച കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായായിരുന്നു ഈ മരണപ്പാച്ചില്‍. തൃശൂര്‍ മദര്‍ ആശുപത്രിയില്‍നിന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കായിരുന്നു ആ സാഹസിക യാത്ര. ഇത്ര വേഗത്തില്‍ വണ്ടി പാഞ്ഞതു കൊണ്ടു മാത്രമാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായത്. സുരക്ഷിത മേഖലകളില്‍ 130 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറന്നു.

പാലക്കാട് കുറ്റിക്കോട് കോഴിത്തൊടിയില്‍ ഉമറുല്‍ ഫാറൂഖ്–അസ്‌നാന്‍ ദമ്പതികളുടെ മകളായ ഫാത്തിമ ഷിഫയാണു ജീവിതത്തിനും മരണത്തിനുമിടയിലെ അഗ്‌നിപരീക്ഷണത്തിലൂടെ കടന്നുപോയത്. തൂക്കക്കുറവുമായി ഏഴാം മാസം ജനിച്ചുവീണ കുഞ്ഞിനു ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ശ്വസനസഹായി ഘടിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയ!ിലേക്ക് ഉടന്‍ മാറ്റണമെന്ന് മദര്‍ ആശുപത്രി അധികൃതര്‍ കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചു. എന്നാല്‍, കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ ഇത്രയും ദൂരം റോഡ് മാര്‍ഗം പിന്നിടുന്നത് അസാധ്യമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ ആശങ്ക.

ലൈഫ് സേവ് ആംബുലന്‍സിലെ ഡ്രൈവര്‍ ശ്രീജിത്തും നഴ്‌സുമാരായ റെജി മാത്യൂസും സനൂപ് സോമനും ദൗത്യം ഏറ്റെടുത്തു. ആംബുലന്‍സിലെ വെന്റിലേറ്ററിലേക്കു കുട്ടിയെ മാറ്റിയശേഷം ചൊവ്വാഴ്ച രാത്രി 8.30നു തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. പൊലീസ് പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെ ആയിരുന്നു യാത്ര. കുട്ടിയുടെ അച്ഛനും ബന്ധുവും ഒപ്പമുണ്ടായിരുന്നു. ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ എകെഡിഎഫിന്റെ വാട്‌സാപ് ഗ്രൂപ്പ് വഴി വിവരം എല്ലാ ജില്ലകളിലേക്കും അറിയിച്ചതോടെ ഓരോ പ്രധാന ജംക്ഷനിലും ഡ്രൈവര്‍മാര്‍ പൊലീസിനൊപ്പം ഗതാഗത നിയന്ത്രണത്തിനായി രംഗത്തിറങ്ങി.

ദേശീയപാതയില്‍ ഗതാഗതക്കുരുക്കിനു സാധ്യതയുള്ള എല്ലാ കവലകളിലും പൊലീസ് ഒരു ട്രാക്ക് ആംബുലന്‍സിനു കടന്നുപോകാന്‍ പൂര്‍ണമായി ഒഴിച്ചിട്ടിരുന്നു. കൊട്ടിയം ഒഴികെ എവിടെയും ആംബുലന്‍സിനു കാര്യമായി വേഗം കുറയ്‌ക്കേണ്ടിവന്നില്ല. 11.45ന് എസ്എടി ആശുപത്രിയില്‍ ആംബുലന്‍സ് എത്തുമ്പോള്‍ സകല സംവിധാനങ്ങളുമൊരുക്കി ഡോക്ടര്‍മാര്‍ കാത്തുനിന്നിരുന്നു. കുഞ്ഞിന്റെ നില സുരക്ഷിതമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ദൗത്യത്തില്‍ പങ്കാളികളായവര്‍ക്ക് അഭിനന്ദനപ്രവാഹമാണ് ഇപ്പോള്‍.

Related posts