നാദാപുരം: നാദാപുരം ഗവ. ആശുപത്രിയിൽ പാമ്പുകടിയേറ്റ് ചികിത്സയ്ക്കെത്തിയ രോഗിയെ കൊണ്ടുപോവാൻ എത്തിയ ആംബുലൻസ് പാതി വഴിയിൽ മടങ്ങിപ്പോയത് വിവാദമാകുന്നു. രണ്ടുമാസം മുമ്പ് പാമ്പ് കടിയേറ്റ പരപ്പുപാറ സ്വദേശിയാണ് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടർന്ന് നാദാപുരം ഗവ. ആശുപത്രിയിൽ കഴിഞ്ഞദിവസം ചികിത്സയ്ക്കെത്തിയത്.
ഉടൻ വിദഗ്ധ ചികിത്സ നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതിനെ തുടർന്ന് നാദാപുരത്തെ ആംബുലൻസ് ഡ്രൈവർമാരെ വിളിച്ചെങ്കിലും നാല് ആംബുലൻസുകളും വർക്ക് ഷോപ്പിലായിരുന്നു. പിന്നീട് വടകര സഹകരണ ആശുപത്രിക്ക് മുമ്പിൽ പാർക്ക് ചെയ്യുന്ന ആംബുലൻസിനോട് നാദാപുരത്ത് എത്താൻ ആവശ്യപ്പെടുകയായിരുന്നു.
പതിനഞ്ച് മിനിറ്റ് കൊണ്ട് നാദാപുരം എത്തുമെന്ന് പറഞ്ഞു വീണ്ടും വിളിച്ചപ്പോൾ പുറമേരി കുനിങ്ങാട് റോഡിലെത്തിയെന്ന് അറിയിക്കുകയും ചെയ്തും പിന്നീട് പത്തുമിനിറ്റിനുശേഷം വീണ്ടും വിളിച്ചപ്പോൾ മടങ്ങിപ്പോവുകയാണ്, നാദാപുരത്തുനിന്ന് രോഗികളെ കൊണ്ട് പോവാൻ കഴിയില്ലെന്നുമാണത്രെ അറിയിച്ചത്. തുടർന്ന് എടച്ചേരി തലായിയിലെ ആംബുലൻസ് വിളിച്ചാണ് രോഗിയെ കൊണ്ടുപോയത്. അപ്പോഴേക്കും മുക്കാൽ മണിക്കൂറിലധികം രോഗി നാദാപുരം ആശുപത്രിയിൽ തന്നെ കഴിയേണ്ടി വന്നു.