ചങ്ങനാശേരി: ലോക്ക് ഡൗണിലെ രണ്ടുമാസക്കാലത്തെ യാതനകൾക്കുശേഷം മൂന്നു യുവതികളടക്കം നാലുപേർ ഇന്നു രാവിലെ ആംബുലൻസ് മാർഗം നാട്ടിൽ.
ചങ്ങനാശേരി കൂനന്താനം പുറക്കടവ് മഞ്ചേരിക്കളം ലിബിൻ തോമസ്, ഭാര്യ ജോസ്ന, കൂനന്താനം സ്വദേശിനി സ്നേഹ സാം, കുറവിലങ്ങാട് സ്വദേശിനി ജാൻസി മാത്യു എന്നിവരാണ് നാട്ടിലെത്തിയത്. ഇതിൽ ജോസ്ന എട്ടുമാസവും നഴ്സുമാരായ സ്നേഹ ഏഴു മാസവും ജാൻസി ഒന്പതു മാസവും ഗർഭിണികളാണ്.
ലിബി ൻ മുംബൈയിലെ കല്യാണിൽ തുണിമിൽ ജീവനക്കാരനാണ്. ലോക്ക് ഡൗണിനിടെ തൊഴിൽ നഷ്ടപ്പെട്ട ലിബിനു ഭാര്യ ജോസ്നയെ ആശുപത്രിയിൽ കൊണ്ടുപോകാനും സാധിച്ചില്ല.
കോണ്ഗ്രസ് വാഴപ്പള്ളി മണ്ഡലം പ്രസിഡന്റ് ബിജു പുല്ലുകാട്, യൂത്ത്ഫ്രണ്ട്-എം സംസ്ഥാന ജനറൽ സെക്രട്ടറി വിജയ് മാരേട്ടും ചേർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ.മാണി എംപി, മുംബൈ കോണ്ഗ്രസ് ജനറൽ സെക്രട്ടറിയും കണ്ണൂർ സ്വദേശിയുമായ ജോജോ തോമസ് എന്നിവരുടെ സഹായത്തോടെയാണ് ഇവരെ നാട്ടിലെത്തിക്കാനായത്.
ആംബുലൻസിന് 75,000 രൂപ യാത്രക്കൂലിയായി നൽകണം. മഹാരാഷ്ട്ര പോലീസ് കമ്മീഷണറുടെ മെഡിക്കൽ എമർജൻസി യാത്രാ പാസ് ഉണ്ടായിരുന്നിട്ടും കോവിഡ് ജാഗ്രതാ പാസ് ഇല്ലെന്ന കാരണം പറഞ്ഞ് ഇവർ സഞ്ചരിച്ച ആംബുലൻസ് കേരള അതിർത്തിയായ തലപ്പാടി ചെക്കുപോസ്റ്റിൽ ആറുമണിക്കൂർ തടഞ്ഞിട്ടതായി ലിബിൻ ദീപികയോടു പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുൾപ്പെടെ നേതാക്കളുടെ ഇടപെടലിലാണ് പിന്നീട് ഇവരെ വിട്ടയച്ചത്.