പത്തനംതിട്ട: ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചതായി പരാതി. കോവിഡ് രോഗിയായ യുവതിയുടെ പരാതിയിൽ ആംബുലൻസ് ഡ്രൈവർ കീരിക്കാട് സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റു ചെയ്തു.
ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുംവഴിയാണ് യുവതി പീഡനത്തിന് ഇരയായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് നൗഫലെന്നാണ് റിപ്പോർട്ട്.
ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആക്ഷേപം
പത്തനംതിട്ട: ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആക്ഷേപം. യുവതിക്കൊപ്പം രാത്രിയിൽ ആംബുലൻസ് ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ആംബുലൻസിൽ ആരോഗ്യപ്രവർത്തകർ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
അതേസമയം, യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ കായംകുളം സ്വദേശി നൗഫലിനെ പിരിച്ചു വിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഞായറാഴ്ച പുലർച്ചെയാണ് യുവതി പീഡനത്തിനിരയായത്. ചികിത്സ കേന്ദ്രത്തിലേക്ക് പോകവേയാണ് സംഭവം.
കോഴഞ്ചേരിയിൽ നിന്നാണ് ആംബുലൻസ് പുറപ്പെട്ടത്. ഈ സമയത്ത് പീഡനത്തിനിരയായ യുവതി ഉൾപ്പെടെ രണ്ട് രോഗികളുണ്ടായിരുന്നു ആംബുലൻസിൽ. യാത്രാമധ്യേ മറ്റേയാളെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കി. ഇതിനു ശേഷം ആംബുലൻസിൽ ഡ്രൈവറും യുവതിയും മാത്രമായി.
ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ വണ്ടി നിർത്തി ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ചികിത്സ കേന്ദ്രത്തിലെത്തിയ യുവതി അധികൃതരോട് പീഡന വിവരം തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
യുവതിയുടെ പരാതിയിൽ ആംബുലൻസ് ഡ്രൈവർ കീരിക്കാട് സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് നൗഫലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.