തുറവൂർ: എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ലക്ഷങ്ങൾ മുടക്കി വാങ്ങിയ ആംബുലൻസ് കട്ടപ്പുറത്തുതന്നെ.
തുറവൂർ താലൂക്ക് ആശുപത്രിയിലേക്കായി വാങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസാണ് വാഹന രജിസ് ട്രേഷൻ നടക്കാത്തതിനെത്തുടർന്ന് തുറവൂർ ആശുപത്രിയുടെ കോമ്പൗണ്ടിൽ കിടക്കുന്നത്.
ആംബുലൻസ് ഇല്ലാതെ കോവി ഡ് രോഗികൾ ഉൾപ്പെടെയുള്ളവർ നട്ടം തിരിയുമ്പോഴാണ് ആശുപത്രി അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഇത്തരത്തിലുള്ള അനാസ്ഥ.
മുഖ്യമന്ത്രി എല്ലാ പഞ്ചായത്തുകളിലുംആംബുലൻസ് സൗകര്യം ഏർപ്പെടുത്തണമെന്ന് പറയുമ്പോഴാണ് അത്യാധുനിക അഡ്വാൻസ് ലൈഫ് സപ്പോർട്ട് ആംബുലൻസ് ഓടാതെ കിടക്കുന്നത്.
മുൻ എംഎൽഎ ഷാനിമോൾ ഉസ്മാന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 33 ലക്ഷം രൂപ മുടക്കിയാണ് ഇതു വാങ്ങിയത്.
ഫെബ്രുവരി മാസത്തിൽ ഇതിന്റെ ഫ്ലാഗ് ഓഫ് നടത്തിയതുമാണ്. അടിയന്തരമായി ഇതിന്റെ ആർടിഒ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് സർവീസ് നടത്താനുള്ള നടപടി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അധികൃതരോ ആശുപത്രി അധികൃതരോ, ആരോഗ്യവകുപ്പോ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.