എടത്വ: റെയിൽവേ ഗേറ്റ് അത്യാസന്ന രോഗികളുമായെത്തുന്ന ആംബുലൻസിനു വഴിമുടക്കന്നതു പതിവാകുന്നു. തകഴി റെയിൽവേ ഗേറ്റാണ് രോഗികളുടെ ജീവനു ഭീഷണിയാകുന്നത്. കഴിഞ്ഞദിവസം രോഗിയുമായി എത്തിയ ആംബുലൻസ് കടന്നുപോകുന്നതിനു മുന്പു റെയിൽവേ ഗേറ്റ് അടച്ചതിനെ തുടർന്ന് ആറു മിനിറ്റോളമാണ് ആംബുലൻസിന് ഗെയിറ്റിൽ കാത്തുകിടക്കേണ്ടി വന്നത്.
ദിവസേന നിരവധി രോഗികളും അപകടത്തിൽ പെടുന്നവരുമാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്. വണ്ടാനം മെഡിക്കൽ കോളജ്, തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ രോഗികളെ എത്തിക്കാൻ അന്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
സംസ്ഥാനപാതയുടെ നിർമാണം പൂർത്തിയായതോടെയാണ് റോഡിൽ ക്രമാതീതമായി തിരക്കു വർധിച്ചത്. ട്രയിൻ വരുന്നതിനു മുന്പു ഗേറ്റ് അടച്ചിടുന്നതോടെ നിരവധി വാഹനങ്ങളുടെ നിരയും നീളാറുണ്ട്.
സിംഗിൾ ലൈനിൽ നിന്ന് പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ ഒട്ടുമിക്ക സമയങ്ങളിലും ഗേറ്റും അടച്ചിടേണ്ടി വരും. ആംബുലൻസ് ഉൾപ്പെടെയുള്ള മറ്റ് യാത്രക്കാർക്ക് ഇത് ദുരിതമായി തീരും.
മലനാടിനേയും തീരപ്രദേശത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡെന്ന നിലയിൽ മേൽപാലം നിർമിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ റെയിൽവേ ഗേറ്റിൽ പല ജീവനുകളും പൊലിയാൻ ഇടയാകും.