കോട്ടയം: ഒട്ടോറിക്ഷയിൽ യുവതി പ്രസവിച്ച സംഭവത്തിൽ അവസരോചിതമായി ഇടപെട്ട ആംബുലൻസ് ഡ്രൈവർ പാത്താമുട്ടം സ്വദേശി പ്ലാപ്പറന്പിൽ രഞ്ജിത്തിനും ചവിട്ടുവരിയിലെ ഓട്ടോഡ്രൈവർ വി.കെ സന്തോഷിനും അഭിനന്ദന പ്രവഹാം.
ഇരുവരുടെയും അവസരോചിതമായ ഇടപെടലിലാണ് അമ്മയേയും കുഞ്ഞിനെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കാനായത്.
ഇന്നലെ വൈകുന്നേരം 5.30നു നട്ടാശേരി സ്വദേശിയായ ശ്രീക്കുട്ടി ബാബുജി (27)യാണു കോട്ടയം ജില്ലാ ആശുപത്രിയിലേക്കു വരുന്നവഴി ബസേലിയസ് കോളജിനു മുന്നിലെ ട്രാഫിക് സിഗ്നലിന് അടുത്തെത്തിയപ്പോൾ പ്രസവിച്ചത്.
26നാണു ശ്രീക്കുട്ടിക്കു പ്രസവ തീയതി പറഞ്ഞിരുന്നത്. ഇന്നലെ യുവതിയും ഇളയ സഹോദരനും മാത്രം വീട്ടിലുള്ളപ്പോൾ വേദന തുടങ്ങി.
ഇതോടെയാണ് ചവിട്ടുവരി സ്റ്റാൻഡിലെ സന്തോഷിന്റെ ഓട്ടോറിക്ഷ വിളിച്ചത്. ബസേലിയസ് കോളജിനടുത്ത് എത്തിയപ്പോൾ പ്രസവവേദന കൂടി.
ഇതോടെ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കിയിട്ട് സന്തോഷ് ആളുകളെ സഹായത്തിനായി വിളിച്ചു.
എന്തു ചെയ്യണമെന്നറിയാതെ സന്തോഷ് നിൽക്കുന്നതിനിടെയാണ് രോഗിയെ ഇറക്കിയശേഷം ആംബുലൻസിൽ രഞ്ജിത്ത് എത്തിയത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ ഇറങ്ങിയ രഞ്ജിത്ത് ആംബുലൻസിൽനിന്നും തുണി എടുത്തശേഷം കുട്ടിയെ ഏറ്റുവാങ്ങി. കുട്ടിയുടെ പൊക്കിൾ കൊടിപോലും ഈ സമയം വേർപ്പെട്ടിരുന്നില്ല.
തുടർന്ന് സന്തോഷും രഞ്ജിത്തും ചേർന്നു കുട്ടിയേയും യുവതിയെയും ജനറൽ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ എത്തിച്ചു.
തുടർന്നാണ് പൊക്കിൾ കൊടി വേർപ്പെടുത്തിയത്. അമ്മയ്ക്കും കുഞ്ഞിനും സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.