മുന്നില്‍ മനപ്പൂര്‍വ്വം തടസ്സം സൃഷ്ടിച്ചതുമൂലം ഓട്ടം 15 മിനിട്ട് വൈകിയതിന് സ്വകാര്യ വാഹന ഉടമയ്ക്കെതിരെ പരാതിയുമായി ആംബുലന്‍സ് ഡ്രൈവര്‍ രംഗത്ത്. ആംബുലന്‍സിലുണ്ടായിരുന്ന നവജാത ശിശു രക്ഷപെട്ടത് തലനാരിഴക്കാണ്. ആംബുലന്‍സില്‍ നിന്നെടുത്ത വീഡിയോയില്‍ ഈ ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട്. വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ സ്വകാര്യവാഹനത്തിലെ ഡ്രൈവറെ പൊങ്കാലയിടുകയാണ് സോഷ്യല്‍മീഡിയ.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ അല്ലപ്ര സ്വദേശി മധുവാണ് തന്റെ വാഹനത്തിന് മുന്നില്‍ നാല് കിലോമീറ്ററോളം ദൂരം മാര്‍ഗ്ഗതടസ്സം സൃഷ്ട്ടിച്ച വാഹന ഉടമയ്ക്കെതിരെ പോലീസിലും ആര്‍റ്റിഒ യ്ക്കും പരാതി സമര്‍പ്പിച്ചിട്ടുള്ളത്. പ്രസവിച്ച ഉടന്‍ ശ്വാസതടസ്സം കാണപ്പെട്ടതിനേത്തുടര്‍ന്നാണ് കുഞ്ഞിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ ബന്ധുക്കളോട് നിര്‍ദ്ദേശിച്ചത്. ഉടന്‍ ബന്ധുക്കള്‍ കുഞ്ഞുമായി ആശുപത്രിയിലെ ആംബുലന്‍സില്‍ കളമശേരിക്ക് ഇവിടെ നിന്നും പുറപ്പെട്ടു. ആലുവ ചുണംങ്ങംവേലി വരെ വേഗത്തില്‍ പോകാന്‍ കഴിഞ്ഞെങ്കിലും ഇവിടെ നിന്നും മുന്നില്‍ പ്രത്യക്ഷപ്പെട്ട കാര്‍ പലപ്പോഴും മാര്‍ഗ്ഗ തടസ്സമായി. പിന്നിലുള്ളത് ആബുലന്‍സ് ആണെന്ന് വ്യക്തമായിട്ടും കൊച്ചിന് ബാങ്ക് ജംഗ്ഷന് എത്തുന്നത് വരെ കാര്‍ ഡ്രൈവര്‍ റോഡില്‍ അഭ്യാസപ്രകടനം തുടര്‍ന്നു.
ഇടക്ക് കൂടെയുണ്ടായിരുന്ന കുഞ്ഞിന്റെ ബന്ധുക്കള്‍ അലറിവിളിച്ച് വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും കാര്‍ ഡ്രൈവര്‍ കൂട്ടാക്കിയില്ല. താന്‍ ഏറെ സാഹസപ്പെട്ടാണ് കൊച്ചിന് ബാങ്ക് ജംഗ്ഷനില്‍ വച്ച് ഈ വാഹനത്തെ മറികടന്നതെന്നും തക്കസമയത്ത് മെഡിക്കല്‍ കോളേജില്‍ എത്തിച്ചതിനാലാണ് കുഞ്ഞിന്റെ ജീവന് നിലനിര്‍ത്താനായെതെന്നും മധു വ്യക്തമാക്കി. സാധാരണ ഗതിയില്‍ 20 മിനിട്ടുകൊണ്ട് പെരുമ്പാവൂരില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്താമെന്നും മുന്നില്‍ വാഹനം തടസ്സമായതോടെ കുഞ്ഞിനെ കൊണ്ടുപോയപ്പോള്‍ 35 മിനിട്ടുകൊണ്ടാണ് ഇവിടെ എത്താനായതെന്നും മധു അറിയിച്ചു. വിവരം ബന്ധപ്പെട്ട അധികൃതരെ അറയിച്ചെന്നും ഇവരുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് മാര്‍ഗ്ഗതടസം സൃഷ്ടിച്ച വാഹനത്തിനെതിരെ പോലീസിലും ആര്‍റ്റിഒ യ്ക്കും പരാതി സമര്‍പ്പിച്ചിട്ടുള്ളതെന്നും മധു പറഞ്ഞു.