കോട്ടയം: അർധരാത്രി വീട്ടിൽ ഓട്ടോറിക്ഷയിലെത്തിയ സംഘം മകനെ വിളിച്ചിറക്കിക്കൊണ്ടു പോയതിലെ അപായ സൂചന തിരിച്ചറിഞ്ഞ്, വീട്ടിൽനിന്നും മീറ്ററുകൾ മാത്രം അകലെയുള്ള ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ആ അമ്മ ഓടിയെത്തി.
കരഞ്ഞു നിലവിളിച്ച് ആ അമ്മ മടങ്ങി മണിക്കൂറുകൾക്കകം ഗുണ്ട സ്റ്റേഷനിൽ എത്തിച്ചത് മകന്റെ ചേതനയറ്റ ശരീരം.
കീഴുക്കുന്ന് ഉറുന്പേത്ത് ത്രേസ്യാമ്മയാണ് അർധരാത്രി മകൻ ഷാൻ ബാബു (19)വിനെ വീട്ടിൽനിന്നും വിളിച്ചിറക്കിക്കൊണ്ടു പോയ സംഘത്തെപ്പറ്റിയുള്ള ആശങ്കയുമായി പോലീസ് സ്റ്റേഷനിലെത്തിയത്.
ഞായറാഴ്ച അർധരാത്രി 12നായിരുന്നു ഷാനെ വീട്ടിൽനിന്നും ഗുണ്ടാസംഘം വിളിച്ചിറക്കിക്കൊണ്ടു പോയത്.
തുടർന്ന് ഒരു മണിക്കൂർ സമയം കഴിഞ്ഞിട്ടും മകനെ കാണാതെ വന്നതോടെയാണ് അമ്മ ത്രേസ്യാമ്മ ഓടിക്കിതച്ച് പോലീസ് സ്റ്റേഷനിൽ എത്തിയത്.
ഒരു മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ ചെലവഴിച്ചശേഷം പോലീസുകാർ മകനെ കണ്ടെത്താമെന്ന് ആശ്വസിപ്പിച്ച് ഇവരെ മടക്കി അയക്കുകയായിരുന്നു.
ഒരു മണിക്കൂറിനുശേഷം ഷാന്റെ മൃതദേഹവുമായി പ്രതി ജോമോൻ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. തന്റെ മകന്റെ ജീവൻ സംരക്ഷിക്കാൻ പോലീസിനു കഴിഞ്ഞില്ലെന്ന് തേ്രസ്യാമ്മ കുറ്റപ്പെടുത്തുന്നു.