വാഷിംഗ്ടണ്‍ ഡിസി: കാബൂൾ ആക്രമണത്തിന് അമേരിക്കയുടെ തിരിച്ചടി. അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തി. ഇക്കാര്യം പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഡ്രോൺ ആക്രമണത്തിൽ കാബൂൾ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ വധിച്ചതായാണ് വിവരം.
നൻഗർഹാർ പ്രവിശ്യയിലാണ് അമേരിക്ക ആക്രമണം നടത്തിയത്. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്.
അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണം 170 ആയി.
13 അമേരിക്കൻ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരൻമാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ചാവേര്‍ ആക്രമണത്തിനു ശേഷം അമേരിക്ക നടത്തുന്ന ആദ്യ തിരിച്ചടിയാണിത്.
ആക്രമണം നടത്തിയവരെ പിന്തുടര്ന്നു പിടികൂടുമെന്നും ശിക്ഷിക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞിരുന്നു.
‘ആക്രമണം നടപ്പിലാക്കിയവരും അമേരിക്കയെ ഉന്നമിടുന്നവരും അറിയുക. ഞങ്ങള്‍ ക്ഷമിക്കില്ല, മറക്കുകയുമില്ല. പിന്തുടര്ന്നു പിടികൂടും, ശിക്ഷിക്കും.
ഐഎസ് ഭീകരര്‍ക്കും അവരുടെ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണപദ്ധതി തയാറാക്കാന്‍ കമാന്‍ഡര്‍മാര്‍ക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തക്കസമയത്തു ശക്തമായും കൃത്യമായും തിരിച്ചടിക്കും’ – ബൈഡന് പറഞ്ഞു.
ബൈഡന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് യുഎസ് സൈന്യം അഫ്ഗാന് പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്.
കാബൂള്‍ വിമാനത്താവളത്തില്‍ ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നതിനിടെ അഫ്ഗാനു പുറത്തുനിന്നായിരുന്നു ആക്രമണം.
വിമാനത്താവളത്തില്‍ കൂടുതല്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ യുഎസ് പൗരന്മാര് അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് അമേരിക്ക വെള്ളിയാഴ്ചയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കാബൂള്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ 13 യുഎസ് സൈനികര്‍ ഉള്‍പ്പെടെ 170 പേര് മരിച്ചെന്നാണു റിപ്പോര്‍ട്ട്.
28 താലിബാന്‍കാരും കൊല്ലപ്പെട്ടു. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാന് പൗരന്മാരാണു കൊല്ലപ്പെട്ടവരിലേറെയും.
ഇരുനൂറിലേറെ പേര്‍ക്കു പരുക്കേറ്റു; ഇതില്‍ 18 യുഎസ് സൈനികരുമുണ്ട്.
വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്ഫോടനം ഉണ്ടായിട്ടില്ലെന്നും, ഒരു ചാവേർ ആക്രമണം മാത്രമാണ് നടന്നതെന്നും അമേരിക്ക അറിയിച്ചു.