ചവറ: കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി .
ചവറ കോവിൽത്തോട്ടം 132 ഭാഗത്തായിട്ടാണ് ഇവർ കുളിക്കാനായി ഇറങ്ങിയത്.
ചവറ പന്മന മിടാപ്പള്ളി കൊച്ച് കാരാതറയിൽ ഉഷാകുമാരിയുടെ മകൻ ജയകൃഷ്ണൻ (17), പന്മന വടക്കുംതല പാലവിള കിഴക്കതിൽ പരേതനായ ബിജു- സുനിത ദമ്പതികളുടെ മകൻ പനയന്നാർകാവ് സ്കൂളിൽ നിന്നും എസ് എസ് എൽ സി വിജയിച്ച ബിനീഷ് ( 16) എന്നിവരെയാണ് കാണാതായത്.
ഇന്ന് രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് ബിനീഷിന്റെ മൃതദേഹം കരിത്തുറ ഭാഗത്തുനിന്നും ജയകൃഷ്ണന്റെ മൃതദേഹം നീണ്ടകര ഹാർബറിനു പടിഞ്ഞാറു ഭാഗത്തു നിന്നും കണ്ടെത്തിയത്.
സംഭവമറിഞ്ഞ് സമയം മുതൽ നീണ്ടകര കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ചവറ ഫയർഫോഴ്സ് , ചവറ പോലീസ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ രാത്രി വൈകിയും തിരച്ചിൽ നടത്തി നടത്തിയിരുന്നു.
എന്നാൽ ഇരുവരേയും കണ്ടെത്താൻ സാധിച്ചില്ല ശക്തമായ കടൽ തിരമാല ഉള്ളതിനാൽ രാത്രി തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
ഇന്ന് രാവിലെ പ്രദേശവാസികളും ബന്ധുക്കളും തീരത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച ബിനീഷും കുടുംബവും ചവറ ചെറുശ്ശേരി ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്.
ഇന്നലെ വൈകുന്നേരം 6.20 ഓടെ പ്ലസ്ടു ഫലം അറിഞ്ഞ ശേഷം കൂട്ടുകാരുമൊത്ത് ഇവർ രണ്ട് പേർ കുളിക്കാനായി ഇറങ്ങുകയായിരുന്നു.
മറ്റ് മൂന്ന് പേരായ വടുതല സ്വദേശി സിബിൻ (17), കളരി സ്വദേശി വിജിൽ (20), വടക്കുംതല സ്വദേശി അഭിരാജ് (17) എന്നിവർ കരയിൽ നിൽക്കുകയായിരുന്നു.
ഇതിനിടയിൽ ജയകൃഷ്ണനും ബിനീഷും സമീപത്ത് കിടന്നിരുന്ന തെർമോകോൾ ഷീറ്റുപയോഗിച്ച് കടലിൽ ഇറങ്ങി കുളിക്കാൻ ശ്രമിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് വിദ്യാർഥികൾ മുങ്ങി താഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും ഇരുവരും മുങ്ങിത്താഴുകയായിരുന്നു.
സംഭവമറിഞ്ഞ് സുജിത്ത് വിജയൻപിള്ള എംഎൽഎ, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ.ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആൻസി ജോർജ്, വിജി മോൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.