കോഴിക്കോട്: മരണസാധ്യത കൂടുതലുള്ള അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരന് ജീവിതത്തിലേക്ക്.
22 ദിവസത്തിനു ശേഷം രോഗം ഭേദമായി ഇന്നലെ വൈകുന്നേരം മൂന്നോടെ കുട്ടി ആശുപത്രി വിട്ടു. പിസിആര്‍ പരിശോധനാഫലം കഴിഞ്ഞ ദിവസം നെഗറ്റീവ് ആയിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത് രാജ്യത്തുതന്നെ അപൂര്‍വമാണ്. ആഗോളതലത്തിൽത്തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ക്കു മാത്രമാണ്. 97ശതമാനം മരണനിരക്കുള്ള രോഗത്തില്‍നിന്നാണ് കുട്ടിയെ ജീവിതത്തിലേക്കു തിരികെയെത്തിക്കാന്‍ സാധിച്ചതെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് രാജ്യത്ത് ആദ്യമായാണ് ഒരാള്‍ ജീവിതത്തിലേക്കു മടങ്ങിവരു ന്നതെന്ന് കുട്ടിയെ ചികിത്സിച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് ഡോ. അബ്ദുള്‍ റൗഫ് പറഞ്ഞു.
രോഗം പൂര്‍ണമായി ഭേദപ്പെട്ടെങ്കിലും ഒരാഴ്ചകൂടി മരുന്നുകള്‍ കഴിക്കണമെന്നും മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. അസുഖം നേരത്തേ കണ്ടുപിടിച്ചതും ചികിത്സ ആരംഭിച്ചതുമാണ് ഇതിനു സഹായകമായത്. ജര്മനിയില്നിന്നെത്തിച്ച മരുന്നടക്കം കുട്ടിക്കു നല്‍കിയിരുന്നു.
ഈ മാസം ഒന്നിനു രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് അഞ്ചിനാണു രോഗം സ്ഥിരീകരിച്ചത്. അതേസമയം, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ട് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്.