നെയ്യാറ്റിന്‍കര : അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കാവിന്‍കുളത്തില്‍ കുളിച്ച യുവാവ് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞതിന്റെയും സമീപവാസികളില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതിന്റെയും സാഹചര്യത്തില്‍ ജലാശയത്തിലെ വെള്ളത്തിന്റെ സാന്പിള്‍ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കൊടങ്ങാവിള വിജയകുമാര്‍ അറിയിച്ചു.
വെണ്‍പകല്‍ സിഎച്ച്സിയിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കും ജലത്തിന്റെ സാന്പിള്‍ ശേഖരിക്കുന്നത്. കാവിന്‍കുളത്തിലെ ജലത്തിന്റെ ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
പക്ഷെ, ഈ റിപ്പോര്‍ട്ട് തദ്ദേശവാസികളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്ക് ഇടയാക്കി. കഴിഞ്ഞ ദിവസം ഡിഎംഒ വെണ്‍പകല്‍ സി എച്ച് സി സന്ദര്‍ശിച്ചപ്പോള്‍ സമീപവാസികളില്‍ ചിലര്‍ നേരിട്ട് ചെന്ന് ആശങ്കകള്‍ അറിയിക്കുകയും ചെയ്തു.
ആശാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലെ സര്‍വേകള്‍ കഴിഞ്ഞ ദിവസം തുടങ്ങി. കാവിന്‍കുളം സ്ഥിതി ചെയ്യുന്ന മരുതംകോട് വാര്‍ഡിലും രോഗബാധിതനായി മരണമടഞ്ഞ യുവാവ് താമസിക്കുന്ന പൂതംകോട് വാര്‍ഡിലുമാണ് സര്‍വേ നടക്കുന്നത്.
ഏതെങ്കിലും വിധത്തിലുള്ള രോഗലക്ഷണങ്ങളോ ശാരീരീകാസ്വസ്ഥതകളോ നേരിടുന്നുണ്ടോ എന്നതും സര്‍വേയിലൂടെ അന്വേഷിക്കുന്നുണ്ട്.