എരുമേലി: പുഴയിൽ കൂട്ടുകാർക്കൊപ്പം മുങ്ങിക്കുളിച്ചിട്ടു വീടെത്തും മുമ്പെയുണ്ടായ തലവേദനയാണ് എരുമേലി പാടിക്കൽ അൻസാരിയുടെ മകൻ അൻസിലി(16)ന്റെ ജീവനെടുത്തതെന്നറിഞ്ഞതിന്റെ ഞെട്ടൽ മാറാതെ നാട്. മരണ കാരണം ലോകത്തു തന്നെ അത്യപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അമീബിക് ഇൻഫെക്ഷൻ ആണെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചു.
വെള്ളത്തിൽനിന്നു ചെവിക്കുളളിലൂടെയോ മൂക്കിലൂടെയോ പ്രവേശിച്ച അമീബിയയിലൂടെയുണ്ടായ മെനിഞ്ചോ എൻസഫലൈറ്റിസ് രോഗം മൂലമാണു മരണം സംഭവിച്ചതെന്ന മെഡിക്കൽ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണു ലഭിച്ചത്. കഴിഞ്ഞ മൂന്നിനാണ് കൊരട്ടി തടയണയിൽ അൻസിൽ കുളിച്ചത്. 13നാണ് അന്‍സില്‍ കോട്ടയത്ത് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്.
ഞെട്ടിപ്പിക്കുന്ന ഈ വിവരം വിരൽ ചൂണ്ടുന്നത് എരുമേലിയിലൂടെയൊഴുകുന്ന മണിമലയാറിന്റെ ദുരന്തസാധ്യതയിലേക്കാണ്. ടൗണിനടുത്ത് ഓരുങ്കൽകടവിലാണ് അൻസിൽ കുളിച്ചത്. തലവേദന കടുത്തതോടെ ദിവസങ്ങൾക്കുള്ളിൽ കോട്ടയത്തെ പ്രമുഖ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടർന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുന്‍പ് ആലപ്പുഴയിലും തോട്ടിൽ കുളിക്കുന്നതിനിടയിൽ അമീബ തലച്ചോറിൽ എത്തിയതിനെത്തുടർന്നു ഒരു കുട്ടി മരിച്ചിരുന്നു.
മാലിന്യം ഭീഷണി
താപനില കൂടിയ വെളളത്തിലാണ് അമീബയുടെ സാന്നി ധ്യമെന്ന് ഡോക്ടർമാർ പറയുന്നു. അന്തരീഷ വായുവിന്റെ ചൂടും വെളളത്തിലെ രാസമാറ്റവും ലവണവർധനവും വെള്ളത്തിന്റെ താപനില ഉയർത്തും. കക്കൂസ് മാലിന്യങ്ങൾ, രാസവിഷങ്ങൾ, ഇ-മാലിന്യങ്ങൾ എന്നിവ എരുമേലിയിലെ തോടുകളിൽ വൻതോതിലാണെത്തുന്നത്.
മത്സ്യങ്ങൾ ചത്തുപൊങ്ങി
കഴിഞ്ഞയിടെ മണിമലയാറിലെ കൊരട്ടിയിൽ ആയിരക്കണക്കിനു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുകയും കായൽപോളകളടിയുകയും ചെയ്തു. വെള്ളത്തിൽ ഓക്സിജന്റെ അളവ് താഴ്ന്നതിന്റെ ഫലമാണിതെന്ന സംശയം ശക്തമായിരുന്നു. ശബരിമല തീർഥാടന കാലത്തു വൻതോതിൽ കക്കൂസ് മാലിന്യങ്ങൾ തോട്ടിലേക്കൊഴുക്കിയതിനു പോലീസിലെ വിജിലൻസ് വിഭാഗം അന്വേഷണത്തിനെത്തിയിരുന്നു. രാസനിർമിത പൊടികളാണ് തീർഥാടകർക്കു പേട്ടതുള്ളലിൽ ശരീരത്തു പൂശാൻ വിറ്റഴിക്കുന്നത്. കുളിക്കുമ്പോൾ ഇവ തോടുകളിലും നദിയിലുമടിയുന്നു. മാരക രോഗങ്ങൾ സൃഷ്ടിക്കുന്ന ലെഡ്, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ഗാഢലോഹങ്ങളാണ് വർണപൊടികളിൽ ഉപയോഗിക്കുന്നതെന്നു മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു.
കുടിവെള്ളവും സംരക്ഷിക്കണം
തോടുകൾ സംഗമിക്കുന്ന മണിമലയാറിൽ ഒട്ടേറെ കുടിവെളള വിതരണ പദ്ധതികളാണുളളത്. ശാസ്ത്രീയമായ ശുദ്ധീകരണ പ്രവർത്തനം കുടിവെളള വിതരണ പദ്ധതികളിലൊന്നുമില്ല. അടിയന്തരമായി ജലസംരക്ഷണവും ശുചീകരണവും മാലിന്യങ്ങളെത്താതിരിക്കാൻ ശിക്ഷാനടപടികളും ബോധവത്കരണവും നടപ്പിലാക്കിയില്ലെങ്കിൽ അൻസിലിനെ നഷ്ടപ്പെട്ടതുപോലെ ജീവഹാനിയും ദുരന്തവുമുണ്ടായേക്കുമെന്ന് മുന്നറിയിപ്പാണ് അൻസലിന്റെ മരണം നൽകുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
രക്ഷപ്പെട്ടിട്ടുള്ളത് അഞ്ചുപേർ മാത്രം!
അമേരിക്കയുടെ മെറ്റ്സ്കേപ്പ് കണക്ക് പ്രകാരം അമീബിക് ഇൻഫെക്ഷൻ ബാധിച്ചവരില്‍ അഞ്ചു പേര് മാത്രമേ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്ന് അന്‍സിലിനെ ചികിത്സിച്ച കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, രക്ഷപ്പെട്ടവരെല്ലാം ജീവച്ഛവമായ സ്ഥിതിയിലാണ്. പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് എന്നതാണ് രോഗത്തിന്റെ പേര്. ഇതിനു കാരണമായ അമീബയ്ക്ക് നൈഗ്ളെറിയ ഫൗളറി എന്നാണ് പേര്.
കൗമാരപ്രായക്കാരെയാണു സാധാരണ ഈ അമീബ ആക്രമിക്കുന്നത്. തലച്ചോറിയിൽ എത്തിയാൽ ഉടൻ കോശങ്ങളെ നശിപ്പിക്കും, രക്തസ്രാവവും ഉണ്ടാകും. കടുത്ത പനി, മിഥ്യാദർശനങ്ങൾ, വായില്‍ അരുചി ഇതൊക്കെ പ്രാരംഭ ലക്ഷണങ്ങളാണ്. വൈകാതെ രോഗി കോമയിലാകും. ഒരാഴ്ചയ്ക്കകം മരണത്തിനു കീഴടങ്ങും. വേനല്‍കാലത്തെ ഇളംചൂടിലാണ് അമീബ പെരുകുന്നത്. രോഗിയുടെ സ്പൈനല്‍ ഫ്ളൂയിഡ് ടെസ്റ്റിലൂടെ മാത്രമാണ് ഈ അമീബയെ കണ്ടെത്താന്‍ കഴിയുകയെന്നു ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, ഇതിനുള്ള സംവിധാനം രാജ്യത്തു വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമേ നിലവിലുള്ളൂ.