നിയമസഭയിലെ പല നാടകം കളികള്‍ക്കും ജനങ്ങള്‍ സാക്ഷികളാകാറുള്ളതാണ്. ഇത്തരത്തില്‍ രാജസ്ഥാന്‍ അസംബ്ലിയില്‍ കഴിഞ്ഞ ദിവസം കൗതുകകരമായ ഒരു സംഭവമുണ്ടായി. കോണ്‍ഗ്രസ് എംഎല്‍എ അമീന്‍ ഖാനാണ് സംഭവത്തിലെ നായകന്‍.
തന്റെ വീട്ടില്‍ വളര്‍ത്തിയിരുന്നതും പിന്നീട് ചത്ത് പോയതുമായ പശുവിനെക്കുറിച്ച് സംസാരിക്കവെയാണ് കോണ്‍ഗ്രസ് എംഎല്‍എ വികാരാധീനനായത്. പശുവുമായി തനിക്ക് വൈകാരികമായ അടുപ്പം ഉണ്ടായിരുന്നുവെന്നും അത് തന്റെ അടുത്ത് വന്നിരുന്ന് തന്റെ മുഖത്ത് നക്കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നും കണ്ണീരൊഴുക്കി എംഎല്‍എ പറഞ്ഞു. അവള്‍ മരിച്ചു പോയി. അവളുടെ മുഖം ഓര്‍ക്കുമ്പോള്‍ എനിക്ക് കരച്ചില്‍ അടക്കാന്‍ കഴിയുന്നില്ല. എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
സഭയില്‍ ചര്‍ച്ചയ്ക്കിടെയാണ് കുടുംബത്തിന്റെ ക്ഷീരകൃഷിയെ കുറിച്ചും വീട്ടിലുണ്ടായിരുന്ന പശുവിനെ പറ്റിയും അമീന്‍ ഖാന്‍ സംസാരിച്ചത്. ബാര്‍മര്‍ ജില്ലയിലെ ഷിയോ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് അമീന്‍ ഖാന്‍. രാജസ്ഥാനിലെ വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബി.ജെ.പി സര്‍ക്കാര്‍ പശുസംരക്ഷണത്തിന്റെ പേരില്‍ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ആരോപിച്ച് സംസാരിക്കവെയാണ് എംഎല്‍എ തന്റെ വീട്ടിലെ പശുവിനെക്കുറിച്ച് പറഞ്ഞ് വികാരാധീനനായത്. പശുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സഭാംഗങ്ങളോട് സംസാരിക്കുമ്പോള്‍ കരഞ്ഞു പോയെന്ന് സഭയ്ക്ക് പുറത്ത്, വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയോടും അമീന്‍ പറഞ്ഞു.