തൃപ്പൂണിത്തുറ: വ്യാജ ഓഫീസറുടെ പ്രൗഢിയിലും നയചാതുര്യത്തിലും ആകൃഷ്ടരായി ജോലി പ്രതീക്ഷിച്ച് എത്തിയ യുവാക്കൾക്ക് നഷ്ടമായത് ലക്ഷങ്ങൾ.
കോസ്റ്റ് ഗാർഡ് അസി. കമാൻഡന്റ് ചമഞ്ഞ് പണം തട്ടിയ കേസിൽ മലപ്പുറം കൈനോട് ഹാജിയാർ പള്ളി പിലാക്കൽ അമീർ സുഫിയാനെ( 25)യാണ് ഹിൽപാലസ് പോലീസ് അറസ്റ്റു ചെയ്തത്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാൻഡന്റാണെന്നും ഇന്ത്യൻ നേവിയിലും കോസ്റ്റ് ഗാർഡിലും പരിശീലന കേന്ദ്രങ്ങൾ വഴി ആളെ എടുക്കുന്നുണ്ടെന്നും നിയമനം വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയത്.
പരാതിക്കാരനായ ആലുവ സ്വദേശി ഫിറോസ് മുഹമ്മദിൽനിന്നും സുഹൃത്തുക്കളിൽനിന്നും പലപ്പോഴായി ആറു ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്.
തട്ടിപ്പിനിരയായ യുവാക്കളെ വിശ്വസിപ്പിക്കാൻ പ്രതി യൂണിഫോം ധരിച്ചു നിൽക്കുന്ന ഫോട്ടോകളും പിസ്റ്റളിന്റെ ഫോട്ടോയും കോസ്റ്റ് ഗാർഡിന്റെ പേരിൽ വ്യാജമായി ഉണ്ടാക്കിയ അഡ്മിറ്റ് കാർഡും അയച്ചു കൊടുത്തിരുന്നു.
കൊച്ചിയിലെ എയർലൈൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന പരാതിക്കാരും സുഹൃത്തുക്കളും തൃപ്പൂണിത്തുറ എരൂരിൽ താമസിക്കുന്നതിനിടെ മറ്റൊരു സുഹൃത്ത് വഴിയാണ് അമീറിനെ പരിചയപ്പെട്ടത്.
തുടർന്ന് ഇയാളെ വിശ്വസിച്ച യുവാക്കൾ കഴിഞ്ഞ മാർച്ചിലാണ് ഇയാൾക്ക് പണം നൽകിയത്.
എരൂരിലെ ഹോട്ടലിൽ മുറിയെടുത്താണ് പലപ്പോഴായി പ്രതി പണം കൈപ്പറ്റിയത്. ജോലി ലഭിക്കാതെ വന്നതോടെ തട്ടിപ്പിനിരയായവർ കഴിഞ്ഞയാഴ്ച പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ കൂടുതൽ പേരെ തട്ടിപ്പി നിരയാക്കിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ. അനില, എസ്. ശിവപ്രസാദ്, രമേശന്, എഎസ്ഐമാരായ കെ.കെ. സജീഷ്, ജെ. സജി, എം.ജി. സന്തോഷ്, സിപിഒ ശ്യാം ആര്. മേനോന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ എരൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.
പ്രതി തട്ടിപ്പിനായി ഉപയോഗിച്ച യൂണിഫോം, എയർ പിസ്റ്റൽ എന്നിവയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.