കോട്ടയം: കോവിഡ് ഭീഷണിയിലും പൂർണമായും ഒൗട്ട്ഡോറിൽ അതിസാഹസികമായി ചിത്രീകരിച്ച കോട്ടയം സ്വദേശിയുടെ “അമീറ’- പ്രദർശനത്തിനൊരുങ്ങുന്നു.
കോവിഡിനെ തുടർന്നു സിനിമ മേഖല നിശ്ചലമായപ്പോഴാണ് വെല്ലുവിളി ഏറ്റെടുത്ത് തന്റെ ആദ്യ ചിത്രം വിവിധ ലോക്കേഷനുകളിൽ സംക്രാന്തി സ്വദേശിയായ റിയാസ് മുഹമ്മദ് ഒരുക്കിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബനടക്കം നിരവധി ചലച്ചിത്ര പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം വൈറലാണ്.
മീനാക്ഷിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനാക്ഷിയുടെ അച്ഛൻ അനൂപിന്റേതാണ് കഥ. പൗരത്വ ബില്ലിനെക്കുറിച്ചുള്ള തർക്കങ്ങളും ചർച്ചകളും ഇപ്പോഴും കെട്ടടങ്ങാത്ത മണ്ണിൽ അതിലൂന്നിയാണ് സാമൂഹിക പ്രസക്തിയുള്ള വിഷയം മുഹമ്മദ് റിയാസ് കൈകാര്യം ചെയ്തിരിക്കുന്നത്.
മീനാക്ഷിയും സഹോദരൻ ഹാരിഷും ചിത്രത്തിലും സഹോദരങ്ങളായി എത്തുന്നു. അമീറയായി മീനക്ഷിയും അമീനായി ഹാരിഷും പ്രത്യക്ഷപ്പെടുന്നു.
ഇവർക്കൊപ്പം കോട്ടയം രമേഷ്, കോട്ടയം പുരുഷൻ, സംവിധായകൻ ബോബൻ സാമുവൽ, സുമേഷ് ഗുഡ്ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യാ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 21 ദിവസംകൊണ്ടാണ് അമീറയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങളോടെ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും നിരവധി വെല്ലുവിളികാണ് അമീറയുടെ ക്രൂവിനു നേരിടേണ്ടി വന്നതെന്നു റിയാസ് മുഹമ്മദ് പറയുന്നു.
ജിഡബ്യൂകെ എന്റർടെയ്ൻമെൻസിന്റെ ബാനറിൽ അനിൽ കുമാർ നിർമിക്കുന്ന ചിത്രത്തിന്റെ രചന അനൂപ് ആർ. പാദുവ, സമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.