ഈയടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രമായിരുന്നു നിഖാബ് ധരിച്ച് ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത കൊടി പിടിച്ച് നില്ക്കുന്ന ഒരു പെണ്‍കുട്ടിയുടേത്. ആലപ്പുഴയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകയായ അമീറ അല്‍ അഫീഫ ഖാന്റെ ചിത്രമായിരുന്നു ഇത്. പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഓരു പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനാ നേതാവ് സ്വന്തം മതവിശ്വാസങ്ങളെ തെളിച്ചുകാട്ടുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തി എന്നതായിരുന്നു പ്രധാനമായും സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ ഉന്നയിച്ച പ്രശ്നം. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ആ പെണ്‍കുട്ടിയുടെ ചിത്രം വഴിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്ത് വഷളാക്കിയ വിഷയത്തെക്കുറിച്ച് ആധികാരികമായി സംസാരിച്ചുകൊണ്ട് വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും മറുപടി നല്‍കുകയാണ് അമീറ അല്‍ അഫീഫ എന്ന പെണ്‍കുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
‘മിക്കവാറും പേര് കരുതുന്നത് പോലെ ഞാനൊരു മത യാഥാസ്ഥിക കുടുംബത്തിലെ അംഗമല്ല. എന്നാല്‍ അത്യാവശ്യം മതബോധമുള്ള , മതവിശ്വാസം അനുസരിച്ചുള്ള ആരാധനകള്‍ നിര്‍വഹിക്കുന്ന നാട്ടിന്‍പുറത്തെ ഒരു സാധാരണ മുസ്ലിം കുടുംബം മാത്രമാണ് എന്റെതും’ എന്ന് പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി തന്റെ കുറിപ്പ് ആരംഭിക്കുന്നത്. പിന്നീട് ഒരു മതവിശ്വാസി എന്ന നിലയിലും കമ്മ്യൂണിസ്റ്റ് അനുഭാവി എന്ന നിലയിലും വിദ്യാര്‍ത്ഥി നേതാവ് എന്ന നിലയിലും താന്‍ എന്തൊക്കെയാണ് വിശ്വസിക്കുന്നതെന്നും തന്റെ മനോഭാവം എന്താണെന്നും അമീറ വ്യക്തമാക്കുന്നുണ്ട്. വിമര്ശിച്ചവരെയും അമീറയുടെ നിലപാടില്‍ സംശയിച്ചവരെയും ഉത്തരംമുട്ടിക്കുന്ന രീതിയിലുള്ള കുറിപ്പാണ് അമീറ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാഷ്ട്ട്രീയ വിശ്വാസമോ മതവിശ്വാസമോ ഇല്ലാത്തവര്‍ പോലും വായിച്ചിരിക്കണം അമീറയുടെ ഈ ചെറിയ, വലിയ കുറിപ്പ്.
അമീറയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം…
മിക്കവാറും പേര് കരുതുന്നത് പോലെ ഞാനൊരു മത യാഥാസ്ഥിക കുടുംബത്തിലെ അംഗമല്ല .എന്നാല്‍ അത്യാവശ്യം മതബോധമുള്ള , മതവിശ്വാസം അനുസരിച്ചുള്ള ആരാധനകള്‍ നിര്‍വഹിക്കുന്ന നാട്ടിന്‍പുറത്തെ ഒരു സാധാരണ മുസ്ലിം കുടുംബം മാത്രമാണ് എന്റെതും. ബാപ്പി പ്രവാസിയാണ്, ഉമ്മി ടീച്ചറും .ബാപ്പി നാട്ടിലുള്ളപ്പോള്‍ കൂട്ടുകാരുമൊക്കെയായി വീട്ടില്‍ രാഷ്ട്രീയം പറയുന്നതും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുന്നതും ഒക്കെ കാണാറുണ്ട് . മനസ്സില്‍ എന്നും ഇടതുപക്ഷ മനോഭാവം മെല്ലെ വളര്‍ന്നു വരുവാന്‍ അത് കാരണമായിരുന്നു . കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങള്‍ ഏറെ വായിക്കുമായിരുന്നെകിലും എന്നും എന്റെ ‘ രാഷ്ട്രീയ പുസ്തകം ‘ ബാപ്പി തന്നെയായിരുന്നു. നിലപാടുകളില്‍ വിട്ടു വീഴ്ച കാട്ടാത്ത ബാപ്പി പറയുമായിരുന്നു , സഹജീവി സ്നേഹം എന്നതാണ് കമ്മ്യൂണിസം എന്ന് . അതിലെല്ലാം ഉണ്ടായിരുന്നു.ചോദ്യങ്ങളും തര്‍ക്കങ്ങളും ഒക്കെ ഉണ്ടാവുമ്പോഴും , എന്നും ഞങ്ങള്‍ക്ക് ഏറെ പിന്തുണ നല്കി പ്രോത്സാഹിപ്പിക്കുന്നത് ബാപ്പി തന്നെയാണ് .
ദളിത് സാഹിത്യങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ബാപ്പി അതൊക്കെ ഞങ്ങള്‍ക്കായി പങ്കുവെക്കുവാനും, അനുഭവങ്ങള്‍ കുറവുള്ള ഞങ്ങളൊക്കെ വായനയിലൂടെ മാത്രമേ വളരാനാവൂ എന്ന് ബാപ്പി ഉപദേശിക്കുമായിരുന്നു.സഖാവ് പിണറായിയില്‍ നിന്നും സമ്മാനം സ്വീകരിച്ച് ആരുടേയും പ്രേരണയോ നിര്‍ദ്ദേശമോ ഇല്ലാതെ ഇടിമുഴക്കം പോലെ ലാല്‍സലാം പറഞ്ഞ എനിക്ക് , സ്വതന്ത്രമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയും എന്നതില്‍ യാതൊരു സംശയവുമില്ല. പ്ലസ് ട്ടുവിനു പഠിക്കുമ്പോള്‍ എസ് എഫ് ഐ ആവേശമായി മനസ്സില്‍ ഉണ്ടായിരുന്നുവെങ്കിലുംകോളേജില് വന്നതിനു ശേഷമാണ് , സംഘടനാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞത് .കോളേജില്‍ പോയി തുടങ്ങിയപ്പോള്‍ മുതലാണ് പര്‍ദ്ദ ധരിച്ച് തുടങ്ങിയത് .അന്ന് മുതല്‍ തന്നെ പര്‍ദ്ദയുടെ ഒപ്പം ഞാന്‍ മുഖം (കണ്ണുകള്‍ ഒഴിച്ച് ) മറക്കുന്ന നിഖാബ് കൂടി ധരിക്കുമായിരുന്നു. പര്‍ദ്ദ ഇസ്ലാം അനുശാസിക്കുന്ന വസ്ത്ര സംവിധാനമാണ് .കാല്പാദത്തിന്നടിഭാഗം വരെ മറക്കുവാന്‍ മതം നിഷ്കര്‍ഷിക്കുമ്പോള്‍, മുഖം മറക്കുവാന്‍ യാതൊരു നിര്‍ബന്ധവുമില്ല എന്നതാണ് വസ്തുത.
.എന്നാല്‍ ഞാന്‍ നിഖാബ് ധരിക്കുന്നു.എന്തുകൊണ്ട് ?ഇഷ്ടം കൊണ്ട്. വെറും ഇഷ്ടം മാത്രം.എന്റെ വസ്ത്രം അതെന്താവണം , അതെവിടെവരെ ധരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ് .
എന്റെ വസ്ത്രധാരണ രീതികൊണ്ട് പൊതുസമൂഹത്തിനു ഏതെങ്കിലും വിധത്തില്‍ ബുദ്ധിമുട്ട് ഉണ്ടാവാത്തിടത്തോളം.അല്ലെങ്കില്‍ അതിനോടുള്ള എന്റെ ഇഷ്ടം അവസാനിക്കുന്നിടത്തോളം അത് ഞാന്‍ ധരിക്കുക തന്നെ ചെയ്യും. അതെന്റെ സ്വാതന്ത്ര്യമാണ് .ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കുന്നതില്‍,അവ ധരിക്കുന്നതില്‍ എന്റെ മാതാപിതാക്കളുടെ ഇടപെടലുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ ; ഞാനെന്ന പക്വതയുള്ള വിപ്ലവ വിദ്യാര്‍ഥി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയെ അപഹസിക്കാനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയമായ തീരുമാനങ്ങള്‍ സ്വീകരിക്കുന്ന എനിക്ക്, വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നില്ല എന്ന ചിലരുടെ പ്രചാരണം ആര്‍ക്ക് വേണ്ടിയാണ്?ചുവന്ന മുണ്ട് ഉടുത്തതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട സഖാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവരാണ് ഇവിടുത്തെ പുരോഗമന സമൂഹം.
കഴിക്കാന്‍ പാടില്ല , ഉടുക്കാന്‍ പാടില്ല എന്നൊക്കെയുള്ള ‘ നിരോധന’ങ്ങള് , ഫാസിസ്റ്റ് കാലത്ത് നമ്മെ അസ്വസ്ഥരാക്കുമ്പോള്‍ , എനിക്കിഷ്ടമുള്ളത് ഞാന്‍ കഴിക്കും എന്ന് പറയുന്നത് പോലെ , എനിക്കിഷ്ടമുള്ള വസ്ത്രം ഞാന്‍ ധരിക്കും എന്ന എന്റെ നിലപാടും വിപ്ലവപ്രവര്‍ത്തനം തന്നെയാണ് . അങ്ങനെ പാടില്ല എന്ന് പറയുന്നവര്‍ ,നിങ്ങള്‍ പറയുന്ന വേഷം ഞാന്‍ ധരിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍,
അനുസരിക്കാന്‍ മനസ്സില്ല എന്ന് പറയുന്നതോടൊപ്പം , എനിക്കിഷ്ടമുള്ള വസ്ത്രം എനിക്കിഷ്ടമുള്ള നാളോളം ഞാന്‍ ധരിക്കും എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നു .
ഇവിടെ എന്റെ ഇഷ്ടം എന്നത് മാത്രമാണ് വിഷയം . അത് എത്ര നാള് എന്നത്പോലും എന്റെ ഇഷ്ടം അവസാനിക്കുന്ന നാളോളം എന്നും മനസ്സിലാക്കണം.
ഞാനീ വേഷവുമായി കോളേജില്‍ പോകുമ്പോള്‍ ,യാത്ര ചെയ്യുമ്പോള്‍ , ഒന്നും തന്നെ എന്റെ നാട്ടുകാരോ സഹയാത്രക്കാരോ , കോളേജിലെ കൂട്ടുകാരോ മറ്റു കുട്ടികളോ , എന്റെയൊപ്പം പ്രവര്‍ത്തിക്കുന്ന സഖാക്കളോ ആരും തന്നെ എന്തെങ്കിലും അത്ഭുതത്തോടെ എന്നെ നോക്കിയിട്ട് പോലുമില്ല.കോളേജിനകത്തും പുറത്തും എസ് എഫ് ഐ സംഘടിപ്പിക്കുന്ന സമരങ്ങളില്‍ , സമ്മേളനങ്ങളില്‍ ഒക്കെത്തന്നെ ഈ വേഷത്തോടെയാണ് ഞാന്‍ പങ്കെടുക്കുന്നത്. ഇക്കഴിഞ്ഞ ജില്ലാ സമ്മേളന പ്രതിനിധിയായിരുന്നു ഞാന്‍ . നോമ്പ് കാലമായിരുന്നു . എനിക്ക് നോമ്പായിരുന്നു . അവിടെ നോമ്പ് തുറക്കാന്‍ സമയമാകുമ്പോള്‍ , ആവശ്യമായ ഭക്ഷണവും മറ്റും എന്റെ സഖാക്കള്‍ തന്നെ ഏര്‍പ്പാട് ചെയ്തിരുന്നു. ഈവിധത്തിലാണ് , ഞാന്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം എന്നെ കരുതലോടെ കാണുന്നത് . അത് തന്നെയാണ് വിദ്യാര്‍ഥി ജീവിതത്തില്‍ എനിക്ക് പ്രവര്‍ത്തിക്കാന്‍ എസ് എഫ് ഐ തന്നെ ഞാന്‍ തെരഞ്ഞെടുത്തത് .എന്റെ സഖാക്കളില്‍ ഞാനെന്റെ സുരക്ഷയെ കാണുന്നു .
ഈ വേഷത്തോടെ മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ വേദിയിലും സാംസ്കാരിക ഇടങ്ങളിലും എന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ട് ഇന്നോളം ഉണ്ടായിട്ടില്ല എന്നത് , എന്നെ കൂടുതല്‍ കരുത്തുറ്റതാക്കിയും ഊര്ജ്ജസ്വലയാക്കിയും നില നിര്‍ത്തുന്നു .തികച്ചും അനാവശ്യമായ വിവാദമാണ് എന്റെ വേഷത്തിന്റെ പേരില്‍ സമൂഹ മാധ്യമത്തില്‍ ചിലര്‍ സൃഷ്ടിച്ചത് . മതവുമായി ബന്ധപ്പെട്ടതല്ല എന്റെ മുഖാവരണം എങ്കിലും , അവയെ മതവുമായി ചേര്‍ത്ത് വെച്ച് , എനിക്ക് പിന്തുണ നല്‍കിയെന്ന കാരണത്താല്‍ ബാപ്പിയെപ്പോലും വര്‍ഗീയരാഷ്ട്രീയ വക്താവായും മതവാദിയായും അപകീര്ത്തിപ്പെടുത്താന്ശ്രമിച്ചവര്ക്ക് മറ്റെന്തോ താല്പര്യം മാത്രമാണുള്ളത് . അവരൊന്നും മാനവികതയുടെ രാഷ്ട്രീയം പറയുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് അനുയോജ്യരല്ല എന്ന് കാലം തെളിയിക്കും .ചിലര്‍ക്ക് ആ ചിത്രത്തില്‍ ഞാന്‍ ഉയര്‍ത്തിപ്പിടിച്ച കൊടിയാണ് , അതിലെ ചെയുടെ പടമാണ് പ്രശ്നമായത് . ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് , യുവതക്ക് എന്നും വലിയ ആവേശമാണ് കോമ്രേഡ് ചെ .
അതുകൊണ്ട്തന്നെ സഖാവിന്റെ ചിത്രം എവിടെയൊക്കെ വരച്ചിടാമോ എവിടെയൊക്കെ പകര്‍ത്തി വെക്കാമോ അത് ഞങ്ങള്‍ ചെയ്യുന്നു . അതിനെ അങ്ങനെ മാത്രം കണ്ടാല്‍ മതി .സോഷ്യല്‍ മീഡിയ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി എന്റെ ചിത്രം സൃഷ്ടിച്ച ആരവം. വിമര്‍ശനങ്ങള്‍ ഒക്കെ ഉണ്ടായെങ്കിലും ഞാന്‍ സന്തുഷ്ടയാണ്. കാരണം , ഇതിലൂടെ മഹത്തായ സന്ദേശം കൈമാറുവാന്‍ , പങ്ക് വെക്കുവാന്‍ കഴിഞ്ഞു.മതവിശ്വാസങ്ങളും മതമൂല്യങ്ങളും മുറുകെ പിടിച്ച് തന്നെ , ഇടതുപക്ഷ രാഷ്ട്രീയത്തില്‍ അന്തസ്സായി പ്രവര്‍ത്തിക്കാന്‍ ഏതൊരു പെണ്‍കുട്ടിക്കും കഴിയും എന്ന സന്ദേശമാണത് .ഫാസിസം തീതുപ്പുന്ന ഈ വര്‍ഗീയ കാലത്ത് , മതേതര – മതനിരപേക്ഷ പ്രസ്ഥാനങ്ങളെയാകെ ശക്തിപ്പെടുത്തുവാന്‍ , ഓരോ ആള്‍ക്കും പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് , പെണ്‍കുട്ടികള്‍ക്ക് ഉത്തരവാദിത്തം ഏറെയാണ്. വിശ്വാസങ്ങളും മൂല്യങ്ങളും നമ്മുടെ സ്വന്തമാണ് . വസ്ത്രവും ഭക്ഷണവും നമ്മള് തെരഞ്ഞെടുക്കുന്നതാണ്. അത് നമ്മുടെ ഇഷ്ടമാണ് .ആ ഇഷ്ടങ്ങളെ , ആ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുവാന്‍ നമുക്ക് കഴിയണം. ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനവും ആദര്‍ശവും അതെനിക്കുറപ്പ് തരുന്നു എന്നത് തന്നെയാണ് ഈ ചിത്രപ്രചാരണത്തിലൂടെ ലഭ്യമായ ഏറ്റവും വലിയ കാര്യം .