ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സൂപ്പര്‍നായികയാണ് ശ്രീദേവി. ഹിന്ദിയില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ഹിറ്റുകള്‍ നല്കി സൂപ്പര്‍താരങ്ങളുടെ നായികയായി ശ്രീദേവി ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്നു.
സിനിമകള്‍ വിജയിക്കാന്‍ ശ്രീദേവിയുടെ ചിത്രം മാത്രം മതി പോസ്റ്ററുകളില്‍ എന്നായിരുന്നു അവസ്ഥ.
ശ്രീദേവിക്കൊപ്പം അഭിനയിക്കാന്‍ വലിയ താരങ്ങള്‍ പോലും മോഹിച്ചിരുന്നു. നായകന്മാര്ക്ക് വേണ്ടി മാത്രം സിനിമകള്‍ ചെയ്തിരുന്നതിന് തിരുത്തലുണ്ടാക്കുന്നത് ശ്രീദേവിയായിരുന്നു.
തൊണ്ണൂറുകളില്‍ മിക്ക നായകന്മാരും ശ്രീദേവിയുടെ കൂടെ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു. അത്രമാത്രം ഉറപ്പായിരുന്നു ആ സിനിമകള്‍ വിജയിക്കുമെന്ന്.
അതുകൊണ്ട് തന്നെ പല യുവതാരങ്ങളും തങ്ങളുടെ നായികയായി ശ്രീദേവി വേണമെന്ന് ആഗ്രഹിച്ചിരുന്നു.
എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ശ്രീദേവിയുമായി അഭിനയിക്കാനുള്ള അവസരം വേണ്ടെന്ന് വച്ച ഒരേയൊരു താരമാണ് ആമിര്‍ ഖാന്.
ഇന്ന് ബോളിവുഡിലെ സൂപ്പര്‍താരമാണെങ്കിലും തുടക്കക്കാലത്ത് ഇങ്ങനൊരു നീക്കം ആമിറില്‍ നിന്ന് ആരും പ്രതീഷിച്ചിരുന്നില്ല.
തന്റെ അരങ്ങേറ്റ സിനിമയായ ഖയാമത് സേ ഖയാമത് തക്ക് വന്‍ വിജയമായി മാറിയതിന്റെ ആവേശത്തിലായിരുന്നു ആമിര്‍.
അടുത്ത സിനിമയുടെ നിര്‍മാതാക്കള്‍ മനസില്‍ കണ്ടത് ആമിറിനേയും ശ്രീദേവിയേയുമായിരുന്നു. ഇതിന് മുന്നോടിയായി ഇരുവരും ഒരുമിച്ച് ഫോട്ടോഷൂട്ട് വരെ നടത്തി.
എന്നാല്‍ സിനിമ തുടങ്ങുന്നതിന് തൊട്ട് മുമ്പ് ആ ചിത്രം ചെയ്യാന്‍ സാധിക്കില്ലെന്ന് ആമിര്‍ അറിയിക്കുകയായിരുന്നു.
എന്തുകൊണ്ടാണ് അങ്ങനൊരു പിന്മാറ്റത്തിന് ആമിര്‍ തയാറായതെന്നത് താരം പരസ്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ചില കിംവദന്തികള്‍ പ്രചരിച്ചിരുന്നു.
ശ്രീദേവിയുടെ നായകന് ആകില്ലെന്ന് ആമിര്‍ പറയാന്‍ കാരണം ശ്രീദേവിയെ കണ്ടാല്‍ തന്നേക്കാള്‍ പ്രായം തോന്നിപ്പിക്കും എന്നതായിരുന്നു അന്നു പരന്ന കിംവദന്തി.
ആദ്യ ചിത്രത്തില്‍ കോളേജ് വിദ്യാര്‍ഥിയായിട്ടായിരുന്നു ആമിര്‍ അഭിനയിച്ചത്. ജൂഹി ചൗളയായിരുന്നു നായിക.
സിനിമയില്‍ തന്നേക്കാള്‍ സീനിയറായ ശ്രീദേവിക്കൊപ്പം അഭിനയിക്കുന്നത് തന്റെ ഇമേജിനെ ബാധിക്കുമെന്നായിരുന്നു ആമിര്‍ കരുതിയിരുന്നത്.
അക്കാലത്തെ യുവനടിമാരായ മാധുരി ദീക്ഷിത്, ജൂഹി ചൗള, കരിഷ്മ കപൂര്‍, രവീണ ടണ്ടന് തുടങ്ങിയവര്‍ക്കൊപ്പം മാത്രം അഭിനയിച്ചാല്‍ മതിയെന്നായിരുന്നു ആമിര്‍ തീരുമാനിച്ചതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആമിറിനും ശ്രീദേവിക്കും ഒരുമിച്ച് ഓഫര്‍ ചെയ്ത ഏക സിനിമയായിരുന്നു അത്.