അമ്പലപ്പുഴ: മണ്ണെണ്ണയിൽ ഓടികൊണ്ടിരുന്ന വള്ളങ്ങളുടെ ഔട്ട് ബോർഡ് എഞ്ചിൻ അമർ രഞ്ചിത്തിന്റെ വൈദഗ്ധ്യത്തിലൂടെ പെട്രോളിലേക്ക് മാറുന്നു.
മത്സ്യത്തൊഴിലാളികൾക്ക് പ്രതിദിനം ആയിരക്കണക്കിന് രൂപ ലാഭം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡ് നീർക്കുന്നം അപ്പക്കൽ അമർ രഞ്ചിത്താണ് വിപ്ലവകരമായ ഈ കണ്ടുപിടിത്തം നടത്തിയത്.
വീടിനോട് ചേർന്ന് എഞ്ചിനീയറിംഗ് വർക്ക് ഷോപ്പ് നടത്തി വരികയാണ് അമർ രഞ്ചിത്ത്. കഴിഞ്ഞ 24 വർഷമായി ഔട്ട് ബോർഡ് എഞ്ചിനുകളുടെ പണി ചെയ്യുന്ന അമർ ഏതാനും മാസം മുൻപാണ് ഈ കണ്ടുപിടിത്തം നടത്തിയത്.
സിവിൽ സപ്ലൈസ് ഒരു ലിറ്റർ മണ്ണെണ്ണ 120 രൂപയ്ക്കാണ് നൽകുന്നത്. പൊതു വിപണിയിൽ മണ്ണെണ്ണ ലിറ്ററിന് 160 രൂപ നൽകണം.
പലപ്പോഴും മണ്ണെണ്ണയ്ക്കായി കരിഞ്ചന്തയെ ആശ്രയിക്കുന്നനാൽ ദിവസവും ആയിരങ്ങളാണ് അധികച്ചെലവായി വരുന്നത്.
കൂടാതെ മണ്ണെണ്ണ ഉപയോഗം കടലിൽ വലിയ മലീനീകരണത്തിനും കാരണമാകുന്നുണ്ട്. ഇതോടെയാണ് മണ്ണെണ്ണക്ക് പകരം പെട്രോൾ ഔട്ട് ബോർഡ് എഞ്ചിനിൽ എങ്ങനെ ഉപയോഗിക്കാമെന്ന ചിന്ത ഉയർന്നത്.
ഒടുവിൽ കാർബുറേറ്ററിന് രൂപ മാറ്റം വരുത്തി മണ്ണെണ്ണയ്ക്ക് പകരം പെട്രോൾ ഉപയോഗിക്കാമെന്ന് കണ്ടെത്തി.ഒരു മണിക്കൂർ വള്ളം ഓടിക്കാൻ 7 മുതൽ 8 ലിറ്റർ വരെ മണ്ണെണ്ണ ആവശ്യമാണ്.
എന്നാൽ പെട്രോളാണെങ്കിൽ വെറും 3 ലിറ്റർ മതിയാകും. വിലയുടെ കാര്യത്തിലും പെട്രോൾ തന്നെയാണു ലാഭം.
മണ്ണെണ്ണയുടെ ലഭ്യതക്കുറവും വിലക്കൂടുതലും കാരണം അമറിന്റെ ഈ കണ്ടുപിടിത്തം മത്സ്യത്തൊഴിലാളികൾക്ക് അനുഗ്രഹമായിരിക്കുകയാണ്.
പെട്രോൾ ഉപയോഗം എഞ്ചിന് മൈലേജ് വർധിപ്പിക്കാനും കാരണമാകുമെന്നാണ് അമർ രഞ്ചിത്ത് പറയുന്നത്.