വാഷിംഗ്ടൺ/ബെയ്ജിംഗ്: അമേരിക്ക -ചൈന വ്യാപാര യുദ്ധത്തിന്റെ രണ്ടാം അങ്കം തുടങ്ങി. ചൈനയിൽനിന്നു 3400 കോടി ഡോളറി(2.34 ലക്ഷം കോടി രൂപ)നുള്ള സാധനങ്ങൾക്ക് അമേരിക്ക 25 ശതമാനം ചുങ്കം ചുമത്തി. തത്തുല്യ തുകയ്ക്കുള്ള അമേരിക്കൻ സാധനങ്ങൾക്കു ചൈനയും പിഴച്ചുങ്കം ചുമത്തി.
ചൈനയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളിൽനിന്ന് സ്റ്റീലും അലുമിനിയവും ഇറക്കുമതി ചെയ്യുന്നതിനാണ് അമേരിക്ക ആദ്യം പിഴച്ചുങ്കം ചുമത്തിയത്. അതുകഴിഞ്ഞ മാസം നടപ്പിൽ വന്നു. അതിനു മുന്പുതന്നെ കൂടുതൽ സാധനങ്ങൾക്കു പിഴച്ചുങ്കം ചുമത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. തിരിച്ചടിക്കുമെന്നു ചൈനയും പറഞ്ഞു.
ഇനിയും പിഴച്ചുങ്കം
രണ്ടാംഘട്ട പിഴച്ചുങ്കം ഇന്നലെ നടപ്പിൽ വന്നപ്പോൾ തൽക്ഷണം തന്നെ ചൈന തിരിച്ചടിച്ചു. ചൈനയിൽനിന്നു 45,000 കോടി ഡോളറി(31 ലക്ഷം കോടി രൂപ)ന്റെ സാധനങ്ങൾക്കു പിഴച്ചുങ്കം ചുമത്തുമെന്നാണു ട്രംപിന്റെ ഭീഷണി. ഇനി 20,000 കോടി ഡോളറിന്റെ സാധനങ്ങൾക്കു വീതം പിഴച്ചുങ്കം ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു.
കാരണങ്ങൾ
ചൈനയ്ക്കെതിരായ വ്യാപാരയുദ്ധത്തിനു ട്രംപ് പറയുന്ന കാരണങ്ങൾ:
1. ചൈനയിലേക്കുള്ള കയറ്റുമതിയേക്കാൾ വളരെക്കുടുതലാണ് അവിടെനിന്നുള്ള ഇറക്കുമതി. കഴിഞ്ഞ വർഷം ചൈനയോടുള്ള യുഎസ് വ്യാപാര കമ്മി 37,520 കോടി ഡോളർ (25 ലക്ഷം കോടി രൂപ) ആണ്. ഇത് അമേരിക്കയിൽ തൊഴിൽ കുറയ്ക്കുന്നു. ഈ നില മാറണം.
2. ചൈന അമേരിക്കയുടെ ബൗദ്ധികസ്വത്തുക്കൾ തട്ടിയെടുക്കുന്നു. സൈബർ മോഷണം, നിർബന്ധിച്ചുള്ള സാങ്കേതികവിദ്യാ കൈമാറ്റം, ചൈനീസ് ഭരണകൂടം സഹായിച്ച് അമേരിക്കൻ കന്പനികളെ ഏറ്റെടുക്കൽ, മറ്റു ചതിപ്രയോഗങ്ങൾ എന്നിവയിലൂടെയാണ് ഈ തട്ടിയെടുക്കൽ.
എതിർപ്പുകാർ
അമേരിക്കൻ ഫെഡറൽ റിസർവ് (ഫെഡ്) വ്യാപാരയുദ്ധത്തെ അനുകൂലിക്കുന്നില്ല. അമേരിക്കൻ സന്പദ്ഘടനയുടെ തെളിഞ്ഞ നീലാകാശത്തിൽ കരിനിഴൽ പരത്തുന്നതാണ് വ്യാപാരയുദ്ധമെന്നു ഫെഡ് കുറ്റപ്പെടുത്തി. രാജ്യത്തു മൂലധനനിക്ഷേപം കുറയുമെന്നു മുന്നറിയിപ്പും നല്കി.
റിപ്പബ്ലിക്കൻ പാർട്ടിയിലെ പല നിയമനിർമാതാക്കളും ട്രംപിന്റെ നയത്തിനെതിരാണ്. ചൈന, ഇന്ത്യ, യൂറോപ്യൻ യൂണിയൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ സ്വീകരിച്ച എതിർനടപടികൾ പല സംസ്ഥാനങ്ങളിൽനിന്നുമുള്ള കയറ്റുമതിക്കു തടസമായി. നവംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കയറ്റുമതിയും ഉൽപാദനവും കുറഞ്ഞു തൊഴിൽ നഷ്ടപ്പെടുന്നത് തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് അവർ ഭയപ്പെടുന്നു. 7500 കോടി ഡോളറിന്റെ (അഞ്ചുലക്ഷം കോടി രൂപ) കയറ്റുമതി ഇതിനകം നഷ്ടമായി.