വാഷിംഗ്ടണ്‍: ചൈന പ്രഖ്യാപിച്ച പകരച്ചുങ്കം പിൻവലിച്ചില്ലെങ്കിൽ ഇറക്കുമതി തീരുവ 50 ശതമാനം കൂടി കൂട്ടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ട്രംപ് പ്രഖ്യാപിച്ചതിന് പകരമായി ചൈന യുഎസിനെതിരേ 34 ശതമാനം പകരച്ചുങ്കം പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണു വ്യാപാര യുദ്ധം കടുപ്പിച്ച് ട്രംപിന്റെ തിരിച്ചടി. ഇത് നടപ്പായാൽ ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ വരുന്ന തീരുവ 104 ശതമാനമാകും.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരേ തീരുവ ചുമത്തിയതിനെത്തുടര്‍ന്ന് യുഎസ് ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് യുഎസ് വിപണികളിലുണ്ടായത്. ആഗോള എണ്ണവിലയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്.
ബ്രെന്റ് ക്രൂഡ് വില ആറര ശതമാനം താഴ്ന്ന് ബാരലിന് 65 ഡോളറിലെത്തി. സ്വർണ വിലയിലും വലിയ ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണി തകർന്നടിയുമ്പോഴും താരിഫ് യുദ്ധത്തിൽനിന്നു പിന്മാറില്ലെന്ന സൂചനയാണു ട്രംപ് നൽകുന്നത്.