ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ ഒരു കുട്ടിയടക്കം രണ്ടു പേർക്കു പരിക്കേറ്റു. അക്രമിയായ വനിതയെ പോലീസ് വെടിവച്ച് കൊന്നു.
ലേക്ക് വുഡ് പള്ളിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. സ്പാനിഷ് ഭാഷയിലുള്ള ശുശ്രൂഷ നടക്കുന്ന സമയത്ത് റൈഫിളുമായി പള്ളിയിലെത്തിയ 35കാരിയാണു വിശ്വാസികള്‍ക്കുനേരേ നിറയൊഴിച്ചതെന്നു പോലീസ് പറഞ്ഞു. ഇവർക്കൊപ്പം അഞ്ച് വയസുള്ള കുട്ടിയുമുണ്ടായിരുന്നു.
പരിക്കേറ്റവരില്‍ അക്രമിയുടെ കൂടെയുണ്ടായിരുന്ന കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നു പോലീസ് അറിയിച്ചു.
അക്രമസമയത്ത് പള്ളിയിലുണ്ടായിരുന്ന രണ്ടു പോലീസുകാരാണ് യുവതിയെ വെടിവച്ച് കൊന്നത്. തന്റെ കൈവശം ബോംബുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി പറഞ്ഞെന്നു പോലീസ് വെളിപ്പെടുത്തി.
എന്നാൽ, യുവതിയുടെ ബാഗും വാഹനവും പോലീസ് പിന്നീട് പരിശോധിച്ചപ്പോൾ ബോംബ് കണ്ടെത്താനായില്ല. എന്തിനാണു യുവതി വെടിയുതിർത്തതെന്നു വ്യക്തമല്ല. അന്വേഷണം തുടരുകയാണ്. ലേക്ക് വുഡ് പള്ളിയിൽ 45000ത്തോളം പേർ ദിവസേന പ്രാർഥനയ്ക്കെത്താറുണ്ട്.