ലണ്ടൻ: ബ്രിട്ടനിലെ ബ്ലെനിം കൊട്ടാരത്തിലെ സ്വര്‍ണ കക്കൂസ് മോഷണം പോയി. 18 കാരറ്റ് തനിത്തങ്കത്തിൽ തീർത്ത കക്കൂസാണ് മോഷണം പോയിരിക്കുന്നത്. ഓക്സ്ഫഡ്ഷറിലുള്ള കൊട്ടാരത്തിൽ ശനിയാഴ്ച പുലർച്ചെ 4.50 ഓടെ കടന്നുകയറിയ കവർച്ചാ സംഘമാണ് മോഷണം നടത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് അറുപത്തിയാറുകാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ “അമേരിക്ക’ എന്നു പേരുള്ള ഈ ക്ലോസറ്റ് കണ്ടെടുക്കാനായിട്ടില്ല. 50 ലക്ഷം ഡോളറാണ് ഈ ക്ലോസറ്റിന്റെ വില.
ഇറ്റാലിയൻ കണ്ടെംപററി കലാകാരനായ മൗറിസിയോ കാറ്റെലൻ നിർമിച്ചതാണ് ഈ ക്ലോസറ്റ്. വ്യാഴാഴ്ചയാണ് സന്ദർശകർക്കായി കൊട്ടാരം തുറന്നുകൊടുത്തത്. സന്ദർശകർക്ക് ഈ ക്ലോസറ്റ് സൗജന്യമായി ഉപയോഗിക്കാൻ അവസരമുണ്ടായിരുന്നു. മൂന്നു മിനിറ്റ് സമയമാണ് അനുവദിച്ചിരുന്നത്. രണ്ട് വാഹനങ്ങളിലായാണ് കവർച്ചക്കാർ കടന്നതെന്നാണ് കരുതുന്നത്. ക്ലോസറ്റ് പറിച്ചെടുത്തതോടെ കെട്ടിടത്തിൽ പ്ലംബിംഗ് സംവിധാനം തകർന്ന് വെള്ളം പടർന്ന് ഒഴുകുകയും ചെയ്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സർ. വിൻസെന്റ് ചര്‍ച്ചിലിന്റെ ജന്മഗൃഹമാണു ഓക്സ്ഫഡ്ഷറിലുള്ള ബ്ലെനിം കൊട്ടാരം. അന്വേഷണത്തിന്റെ ഭാഗമായി കൊട്ടാരം അടച്ചിട്ടു. ചര്‍ച്ചില്‍ പിറന്നുവീണ മുറിയോടു ചേര്‍ന്നുള്ള ശുചിമുറിയിലാണു സ്വര്‍ണ കക്കൂസ് സ്ഥാപിച്ചിരുന്നത്.
ഓരോ ഉപയോഗത്തിനു ശേഷവും കക്കൂസ് കഴുകി വൃത്തിയാക്കുന്നുണ്ടായിരുന്നു. ഇതിനായി പ്രത്യേക ജീവനക്കാരെയും നിയോഗിച്ചിരുന്നു. എല്ലാ ആഴ്ചയിലും പോളിഷ് ചെയ്യാനും ആളുകളെ നിയോഗിച്ചിരുന്നു. കക്കൂസിന് കാവൽക്കാരും ഉണ്ടായിരുന്നു.