ചണ്ഡീഗഡ്: അമേരിക്ക തങ്ങളെ ക്രൂരമായി പീഡിപ്പിച്ചെന്ന ആരോപണവുമായി നാടുകടത്തപ്പെട്ട് ഇന്ത്യയിലെത്തിയവർ. സ്ത്രീകളും കുട്ടികളുമടക്കം 104 പേരുമായി ഇന്നലെ പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിലെത്തിയവരാണു തങ്ങൾ അനുഭവിച്ച ക്രൂരതകൾ മാധ്യമങ്ങൾക്കു മുന്പിൽ തുറന്നുപറഞ്ഞത്.
“അമേരിക്കൻ സൈനികർ തങ്ങളെ ക്രൂരമായി ഉപദ്രവിച്ചു. കൈകളിൽ വിലങ്ങണിയിച്ചു. കാലുകൾ ചങ്ങലകൊണ്ടു ബന്ധിച്ചു. ഇന്ത്യയിലേക്കുള്ള യാത്രയിൽ നരകതുല്യമായ യാതനകളാണ് അനുഭവിച്ചത്. അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയതിനുശേഷമാണു വിലങ്ങുകൾ നീക്കിയത്…’- സംഘത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി ജസ്പാൽ സിംഗ് പറഞ്ഞു.
ഗുർദാസ്പുർ ജില്ല ഹർദോർവാൾ സ്വദേശിയാണ് 36കാരനായ ജസ്പാൽ സിംഗ്. അമേരിക്കയിലെത്തിക്കാമെന്നു വാഗ്ദാനം നൽകി തന്നെ ഏജന്റ് വഞ്ചിക്കുകയായിരുന്നുവെന്നും സിംഗ് പറഞ്ഞു. കഴിഞ്ഞവർഷം ജൂലൈയിൽ ബ്രസീലിൽ എത്തിയെന്നും അവിടെവച്ചാണ് താൻ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയതെന്നും സിംഗ് പറഞ്ഞു. ആറു മാസം ബ്രസീലിൽ കഴിഞ്ഞു.
അനധികൃതമായി അമേരിക്കയിലേക്കു പ്രവേശിക്കാൻ ഏജന്റ് നിർബന്ധിക്കുകയായിരുന്നു. അതിർത്തിവഴി അമേരിക്കയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് താൻ പോലീസിന്റെ പിടിയിലായത്. വിവിധ രാജ്യങ്ങളിൽനിന്ന് കബളിപ്പിക്കപ്പെട്ട് നൂറുകണക്കിനുപേരാണു പിടിയിലാകുന്നതെന്നും സിംഗ് പറഞ്ഞു. തിരിച്ചെത്തിയ 104 പേരിൽ ഹരിയാന ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് 33പേർ വീതവും പഞ്ചാബിൽനിന്ന് 30പേരും മറ്റുള്ളവർ മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളവരുമാണ്.
അതേസമയം, അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരെ വിലങ്ങുവച്ചാണ് കൊണ്ടുവന്നതെന്ന വാദം കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോ തള്ളിക്കളഞ്ഞു. ഗ്വാട്ടിമാലയിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരുടെ ദൃശ്യമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചവരുടേതെന്ന നിലയിൽ പ്രചരിക്കുന്നതെന്നു പിഐബി വിശദീകരിച്ചു. അനധികൃത കുടിയേറ്റക്കാരെ വിലങ്ങു വച്ച് വിമാനത്തിൽ കയറ്റുന്ന ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെ ഇത് അപമാനകരമെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. പതിനെണ്ണായിരം ഇന്ത്യക്കാരെ തിരിച്ചയയ്ക്കുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്.