യുഎസ്: ജോർദാനിൽ അമേരിക്കൻ സൈനികർക്കുനേരേ ഡ്രോൺ ആക്രമണം നടത്തി മൂന്ന് സൈനികരെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളാണെന്ന ആരോപണം ഉയർന്നതിനു പിന്നാലെ അമേരിക്ക പ്രത്യാക്രമണത്തിനു തയാറെടുക്കുന്നു.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇത്തരം ഗ്രൂപ്പുകൾക്കെതിരേ അമേരിക്ക സൈനിക നപടികൾ ആരംഭിക്കുമെന്നാണ് പെന്റഗൺ വൃത്തങ്ങൾ നൽകുന്ന സൂചനകൾ. ഭീകരരുടെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണം ഉടൻ ആരംഭിക്കുമെന്നും നടപടികൾ കടുത്തതായിരിക്കുമെന്നും പെന്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കിഴക്കൻ ജോർദാനിലെ യുഎസ് ആർമി ഔട്ട്പോസ്റ്റിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണം മൂന്ന് സൈനികർ കൊല്ലപ്പെടുകയും 40 ലധികം സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഒക്ടോബറിൽ ഇസ്രായേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം യുഎസ് സൈനികർക്കെതിരായ ആദ്യത്തെ മാരകമായ ആക്രമണമായിരന്നു ഇത്. സൈനികരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇറാനെതിരേ നടപടികൾ ശക്തമാക്കാൻ പ്രസിഡന്റ് ജോ ബൈഡനുമേൽ സമ്മർദമുണ്ട്.
ഇസ്രായേൽ-ഹമാസ് യുദ്ധം മൂലം ഇതിനകം സംഘർഷഭരിതമായ പ്രദേശങ്ങളെ കൂടുതൽ ആക്രമിക്കാതെ അമേരിക്ക മറുപടി നൽകണമെന്നാണു ബൈഡൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് യുഎസ് മാധ്യമമായ പൊളിറ്റിക്കോ വ്യക്തമാക്കി.