ഫ്രാൻസിലെ ഇമ്മാനുവേൽ മാക്രോണിന്റെ വിജയവും പുട്ടിന്റെ ഉക്രൈൻ ആക്രമണവും മുൻകൂട്ടി പ്രവചിച്ച് ശ്രദ്ധയാകർഷിച്ച അമേരിക്കൻ ആസ്ട്രോളജർ ജൂഡി ഹെവൻലി. എല്ലാ വർഷവും തന്റെ വെബ്സൈറ്റിൽ ലോകഗതികൾ പ്രവചിച്ച് രംഗത്ത് വരാറുണ്ട്.
ഇത്തവണ തന്റെ വെബ്സൈറ്റിൽ 2024-ൽ ലോകത്ത് സംഭവിക്കുന്ന പ്രവചനങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയിൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രവചിക്കുന്നു. ആഗോള പ്രശസ്തിയും സാന്പത്തിക വളർച്ചയും സാങ്കേതിക രംഗത്തെ പരിഷ്കരണങ്ങളും മോദിയ്ക്ക് തുണയാകുമെന്ന് ജൂഡി പ്രവചിക്കുന്നു.
ബ്രിട്ടണിൽ സാന്പത്തിക തകർച്ച ഉണ്ടാകുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ വരുമെന്നും ജൂഡി പ്രവചിക്കുന്നു. ഉക്രൈൻ യുദ്ധവും എണ്ണയ്ക്കു മേലുള്ള വ്ലാദിമീർ പുടിന്റെ പിടിയും യൂറോപ്പിനെ കൂടുതൽ കഷ്ടത്തിലാക്കും.
അടുത്ത ശൈത്യകാലത്ത് ഉയർന്ന എണ്ണവില കാരണം യൂറോപ്പ് കഷ്ടപ്പെടും. ഉക്രൈൻ യുദ്ധം തുടർന്നു കൊണ്ടേയിരിക്കും. യുദ്ധത്തിൽ റഷ്യയ്ക്കും ക്ഷീണമുണ്ടാകും. യുക്രൈനിലെ പവർ യൂണിറ്റുകളിൽ റഷ്യ ആക്രമണം നടത്തും. പോളണ്ട് തങ്ങളുടെ ആദ്യത്തെ ന്യൂക്ലിയർ പവർ പ്ലാന്റ് പണിയുമെന്നും ജൂഡി പ്രവചിക്കുന്നു.
ഇസ്രയേൽ ഹമാസ് യുദ്ധത്തെപ്പറ്റിയും ജൂഡി പ്രവചനം നടത്തുന്നു. അമേരിക്ക, സൗദി അറേബ്യ, ഈജിപ്റ്റ്, ഖത്തർ എന്നീ രാജ്യങ്ങൾ സമാധാന ശ്രമങ്ങൾക്ക് മുൻകൈ എടുക്കും. ഗാസ ഭരിക്കാൻ ഇസ്രയേൽ ശ്രമിക്കില്ല.
പക്ഷേ, ഗാസയിലെ സുരക്ഷാ കാര്യങ്ങളിൽ ഇസ്രയേൽ നിയന്ത്രണം തുടരും. ഗാസയുടെ പുനർനിർമാണത്തിൽ സഹകരിക്കാൻ ബെഞ്ചമിൻ നെതന്യാഹു സമ്മതം മൂളും. പക്ഷേ, പാലസ്തീൻ നാഷണൽ അഥോറിറ്റിക്ക് പകരം മറ്റൊരു ഭരണത്തിൻ കീഴിലാണെന്നും മാത്രം.
ജലക്ഷാമം, വരൾച്ച എന്നിവ കാരണം ലോകത്ത് പലയിടത്തും ഭക്ഷ്യക്ഷാമം ഉണ്ടാകും. ഫ്രാൻസ് നോത്രദാം പള്ളി പൂർണമായും പുനർനിർമിക്കും. വ്ലാദിമീർ പുടിൻ വീണ്ടും റഷ്യൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും. ആരോഗ്യപരമായ കാരണങ്ങളാൽ ഫ്രാൻസിസ് മാർപ്പാപ്പ വിരമിക്കുമെന്നും ജൂഡി പ്രവചിക്കുന്നു.
ഇംഗ്ലണ്ട്, ഫ്രാൻസ്, അമേരിക്ക, ജർമനി എന്നിവിടങ്ങളിൽ ഭീകരാക്രമണങ്ങൾ ഉണ്ടാകുമെന്നും 2024-ൽ ഒരു ലോക നേതാവ് വധിക്കപ്പെടുമെന്നും ജൂഡി ഹെവൻലി പ്രവചിക്കുന്നു. പ്രവചനങ്ങൾക്കായി കാതോർത്തിരിക്കുന്ന ആരാധകവൃന്ദം ജൂഡിക്കുണ്ട്. ഇത്തവണത്തെ പ്രവചനങ്ങൾ ഫലിക്കുമോയെന്ന് കാത്തിരിക്കുകയാണ് അവർ.
അനിൽ സർക്കാർ