ന്യൂഡൽഹി: അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇറക്കുമതിച്ചുങ്കം കുറയ്ക്കാൻ അമേരിക്ക ഇന്ത്യാ ഗവൺമെന്റിനുമേൽ സമ്മർദം ചെലുത്തുന്നു. ഇന്ത്യ ചുങ്കം കുറച്ചില്ലെങ്കിൽ അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്കു ചുങ്കം കൂട്ടുമെന്ന ഭീഷണിയും ഉണ്ട്. രാഷ്ട്രനേതാക്കളുടെ തലത്തിൽ ഉണ്ടായ ഊഷ്മളമായ അടുപ്പം ഇല്ലാതാക്കുന്നതിലേക്കാണു വാണിജ്യതർക്കം നീങ്ങുന്നത്. ഐടി ജീവനക്കാർക്കുള്ള എച്ച്വൺ ബി വീസയുടെ കാര്യത്തിലെ അമേരിക്കൻ തീരുമാനം ഇന്ത്യക്കു സ്വീകാര്യമല്ല.
മൊബൈൽ ഫോണുകളും ടെലിവിഷനുകളുമടക്കമുള്ള ഇലക്ട്രോണിക് സാമഗ്രികൾക്ക് ഇന്ത്യ ഡിസംബറിൽ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചിരുന്നു. പിന്നീടു ബജറ്റിൽ സൗന്ദര്യ വർധക വസ്തുക്കൾ മുതൽ ജ്യൂസുകൾ വരെയുള്ളവയ്ക്കും ഇലക്ട്രോണിക് സാധനങ്ങൾക്കും വാഹനങ്ങൾക്കും ഇറക്കുമതിച്ചുങ്കം കൂട്ടി. ‘ഇന്ത്യയിൽ നിർമിക്കൂ’(മേക്ക് ഇൻ ഇന്ത്യ) എന്ന പദ്ധതി വിജയിപ്പിക്കാനായി ഇറക്കുമതി നിരുത്സാഹപ്പെടുത്തുകയാണു ലക്ഷ്യം.
ഇതോടെ അമേരിക്കൻ കന്പനികൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമേൽ സമ്മർദം ചെലുത്തി. ഇതേ ത്തുടർന്നു ഹാർലി ഡേവിഡ്സൺ മോട്ടോർ സൈക്കിളുകളുടെ ചുങ്കം കുറയ്ക്കണമെന്ന് ട്രംപ് ഇന്ത്യാ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ഇതോടെ 75 ശതമാനമായിരുന്ന നികുതി 50 ശതമാനമായി കുറച്ചു.
പക്ഷേ, ട്രംപ് ഇതു കൊണ്ടും തൃപ്തനല്ല. ഇന്ത്യയിൽനിന്നുള്ള ബൈക്കുകൾ ചുങ്കമില്ലാതെയാണ് അമേരിക്ക ഇറക്കുമതി ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ചുങ്കം കുറച്ചില്ലെങ്കിൽ പകരം തുല്യ ചുങ്കം അമേരിക്ക ചുമത്തുമെന്നു ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും യുഎസ് വാണിജ്യ പ്രതിനിധിയുടെ ഓഫീസും ചുങ്കത്തിന്റെ കാര്യത്തിൽ ഇന്ത്യൻ അധികാരികളുമായി ചർച്ച നടത്തി വരികയാണ്. ചുങ്കമടക്കമുള്ള വാണിജ്യതടസങ്ങൾ ഇന്ത്യ കുറയ്ക്കണമെന്നു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ആവശ്യപ്പെട്ടു. അമേരിക്കയ്ക്കു ശരാശരി 3.4 ശതമാനം ചുങ്കം ഉള്ളപ്പോൾ ഇന്ത്യയുടേത് 13.5 ശതമാനമാണ്. ചൈനയുടേത് 9.9 ശതമാനവും.
ഇന്ത്യ പറയുന്നതു മറ്റു രാജ്യങ്ങളും സംരക്ഷണനയങ്ങൾ തുടരുന്പോൾ ഇന്ത്യക്കു മറ്റു മാർഗമില്ലെന്നാണ്. അമേരിക്കയും ചൈനയും പോലും അവരവരുടെ ഇനങ്ങളുടെ കാര്യത്തിൽ സംരക്ഷണവാദികളാണ്. ഇന്ത്യയും ആ വഴിയേ എന്നു മാത്രമേ ഉള്ളൂ.
വലിയ വാണിജ്യപങ്കാളി
ഇന്ത്യ-അമേരിക്ക വാണിജ്യം 2001-ൽ 2,000 കോടി ഡോളറായിരുന്നത് 2016-ൽ 11,500 കോടി ഡോളറായി. ഇന്ത്യയുടെ കയറ്റുമതിയിൽ 19 ശതമാനം അമേരിക്കയിലേക്കാണ്. 2016-ൽ 7,300 കോടി ഡോളറിന്റെ സാധനങ്ങളും സേവനങ്ങളും അമേരിക്ക ഇന്ത്യയിൽനിന്നു വാങ്ങി. ഇന്ത്യ അമേരിക്കയിൽനിന്നു വാങ്ങിയത് 4,200 കോടി ഡോളറിന്റെ വക മാത്രം.