വാഷിംഗ്ടൺ ഡിസി: ചിക്കാഗോയിൽ രണ്ട് വീടുകളിൽ വെടിവയ്പ്. ഏഴുപേർ കൊല്ലപ്പെട്ടു. ഇല്ലിനോയിസിലെ ജോലിയറ്റിലെ വെസ്റ്റ് ഏക്കർസ് റോഡിലെ 2200 ബ്ലോക്കിലാണ് വെടിവയ്പ് നടന്നത്.
റോമിയോ നാൻസ്(23) എന്നയാളാണ് പ്രതി. ഇയാൾ രക്ഷപെട്ടെന്നും തെരച്ചിൽ ശക്തമാക്കിയെന്നും പോലീസ് അറിയിച്ചു.
രണ്ട് വസതികളിലായി ഏഴ് പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയെന്ന് ജോലിയറ്റിലെ പോലീസ് മേധാവി ബിൽ ഇവാൻസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചുവന്ന ടൊയോട്ട കാമ്റിയിലാണ് നാൻസ് രക്ഷപെട്ടതെന്നും ഇയാൾ അപകടകാരിയാണെന്നും പക്കൽ ആയുധമുണ്ടെന്നും ജോലിയറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.
നാൻസിനെയും വാഹനത്തെയും കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതരുമായി ബന്ധപ്പെടണമെന്ന് പോലീസ് നിർദേശിച്ചു.