ചിക്കാഗോ: മധ്യപശ്ചിമ അമേരിക്കയിലെ കൊടും ശൈത്യത്തിൽ യൂണിവേഴ്സിറ്റി വിദ്യാർഥി മരിച്ചു. ലോവ യൂണിവേഴ്സിറ്റി ഒന്നാം വർഷ വിദ്യാർഥി ജെറാൾഡ് ബെൽസ് (18) ആണ് മരിച്ചത്. യൂണിവേഴ്സിറ്റി കാമ്പസിനു പുറത്ത് അവശനിലയിൽ കണ്ടെത്തിയ ബെൽസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സെഡാർ റാപിഡ്സിലെ വീട്ടിലേക്ക് പോകുന്നവഴി ബെൽസ് കുഴഞ്ഞു വീഴുകയായിരുന്നെന്നാണ് കരുതുന്നത്. യൂണിവേഴ്സിറ്റിയിൽനിന്നും സെഡാർ റാപിഡ്സിലേക്ക് അരമണിക്കൂർ ദൂരം മാത്രമാണുള്ളത്. ലോവയിൽ കഴിഞ്ഞ ദിവസം മൈനസ് 21 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. മൈനസ് 55 ഡിഗ്രിയിലുള്ള ശൈത്യകാറ്റും പ്രദേശത്ത് വീശിയടിച്ചിരുന്നു.
ഇതുവരെ അതിശൈത്യത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 21 പേരാണ് മരിച്ചത്. ശരീരോഷ്മാവ് കുറയുന്ന അവസ്ഥയായ ഹൗപോതെർമിയ ബാധിച്ച് നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുള്ളത്. അതി ശൈത്യത്തെ തുടർന്ന് നിരവധി വിദ്യാലയങ്ങൾക്കും സർവകലാശാലകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. പ്രദേശത്തെ ബിസിനസ് സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. തപാൽ ഇപാടുകൾ, വിമാന-തീവണ്ടി സർവീസുകളെല്ലാം പൂർണമായി സ്തംഭിച്ചു.
അമേരിക്കയിൽ സമീപ കാലത്ത് രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. ദേഹം മുഴുവൻ മൂടുന്ന കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും അല്ലാത്തപക്ഷം അഞ്ചുമിനിറ്റിനുള്ളിൽ ശരീരഭാഗം തണുത്തുറഞ്ഞു പോകുമെന്നും മുന്നറിയിപ്പുണ്ട്. ഡെക്കോഡ മുതൽ പെന്സിൽവാനിയ വരെയുള്ള സംസ്ഥാനങ്ങളിൽ 50 മില്യനിലധികം ജനങ്ങളെ അതിശൈത്യം ബാധിച്ചേക്കാമെന്നാണു റിപ്പോർട്ടുകൾ.
ഇല്ലിനോയ്, മിഷിഗൻ, വിസ്കോൻസെൻ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഷിക്കാഗോയിൽ ബുധനാഴ്ച രാത്രി –26 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. 30 വർഷങ്ങൾക്കുമുൻപാണ് ഷിക്കാഗോയിൽ ഇത്രയും താഴ്ന്ന നിലയിൽ താപനില എത്തിയത്.