വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ ലോകക്രമത്തെ പ്രതികൂലമായി ബാധിക്കുംവിധമുള്ള കടുത്ത ഉത്തരവുകളുമായി ഡോണള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടനയില്‍നിന്നും പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്നും പിന്മാറുമെന്നു പ്രഖ്യാപിച്ച ട്രംപ്, ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്നും വ്യക്തമാക്കി.
അമേരിക്കയുടെയും ലോകത്തിന്റെയുംതന്നെ ചരിത്രത്തില്‍ നിര്‍ണായകമാകാനിടയുള്ള 80 എക്സിക്യൂട്ടീവ് ഓര്‍ഡറുകളാണ് അധികാരമേറ്റ് ആറു മണിക്കൂറിനകം ട്രംപ് പുറപ്പെടുവിച്ചത്.
ബൈഡന് ഭരണകൂടത്തിന്റെ നയങ്ങള്‍ തിരുത്തിക്കൊണ്ടുള്ളതായിരുന്നു ഇതിലേറെയും. ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്ക എന്നാക്കി. സൈനികര്‍ക്കും പ്രത്യേക വിഭാഗങ്ങള്‍ക്കും ഒഴികെയുള്ള എല്ലാ ഫെഡറല്‍ നിയമനങ്ങളും മരവിപ്പിച്ചു. ഫെഡറല്‍ ജീവനക്കാരോട് വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് മുഴുവന്‍ സമയവും ജോലിയിലേക്കു മടങ്ങാന്‍ ആവശ്യപ്പെട്ടു.
ജനുവരി ആറിലെ കാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് ബൈഡൻ സർക്കാർ രജിസ്റ്റർ കേസുകള്‍ പിന്‍വലിച്ചു. 1500 ഓളം പേര്‍ക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്നതായാണ് ട്രംപ് പ്രഖ്യാപിച്ചത്.
ദേശീയ സുരക്ഷാപ്രശ്നം കാരണം ബൈഡൻ സർക്കാർ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്ന ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ 75 ദിവസംകൂടി തുടരാന്‍ ട്രംപ് നിര്‍ദേശിച്ചു. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും സെന്‍സര്‍ഷിപ്പ് തടയുന്നതിനുമുള്ള ഉത്തരവ് പുറപ്പെടുവിച്ചു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാന്‍ സര്‍ക്കാര്‍ വിഭവങ്ങളെ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കി.
ക്യൂബയെ വീണ്ടും ഭീകരരാഷ്ട്രമാക്കി
ക്യൂബയെ വീണ്ടും ഭീകരരാഷ്ട്ര ഗണത്തിൽപ്പെടുത്താനുള്ള ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. കഴിഞ്ഞ ട്രംപ് ഭരണത്തിൽ ക്യൂബയെ ഭീകരരാഷ്ട്ര ഗണത്തിൽപ്പെടുത്തിയെങ്കിലും ഫ്രാൻസിസ് മാർപാപ്പയുടെ ഇടപെടലിൽ ജോ ബൈഡൻ സർക്കാർ ക്യൂബയെ പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. തത്ഫലമായി ക്യൂബയും അമേരിക്കയും തമ്മിലുള്ള ബന്ധം ഊഷ്മളമാകുകയും ക്യൂബയിലെ ജയിലുകളിൽനിന്ന് ആയിരത്തിലേറെ രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുകയും ചെയ്തിരുന്നു.
അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ അമേരിക്കന്‍-മെക്സിക്കന്‍ അതിര്‍ത്തിയില്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കാനും ട്രംപ് നിര്‍ദേശം നല്കി. പാനമ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
ഖനനത്തിന് പച്ചക്കൊടി
ഖനനത്തിന് ബൈഡന് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. ഫോസില്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ്, ബൈഡന് ഭരണകൂടം ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കൊണ്ടുവന്ന ഗ്രീന്‍ പോളിസി റദ്ദാക്കി.
യുഎസ് സാമ്പത്തികവളര്‍ച്ചയെ തകര്‍ക്കുന്നതാണ് കരാറിലെ വ്യവസ്ഥകളെന്നു ചൂണ്ടിക്കാട്ടിയാണ് പാരീസ് കാലാവസ്ഥാ ഉടന്പടിയിൽനിന്നു പിന്മാറാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്. കാലാവസ്ഥാ ഉടന്പടിയിലെ വ്യവസ്ഥകൾ നീതിയുക്തമല്ലെന്നും അമേരിക്കയുടെ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടിലേക്ക് അനുവദിച്ചിരുന്ന തുകയും അമേരിക്ക പിന്‍വലിച്ചു. ആഗോള താപനം ഉള്‍പ്പെടെയുള്ള കാലാവസ്ഥാ പ്രശ്നങ്ങളെ നേരിടാന്‍ 195 ലോകരാഷ്ട്രങ്ങള്‍ ഒപ്പിട്ട പാരീസ് ഉടമ്പടിയില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ദൂരവ്യാപക പ്രത്യാഘാതത്തിനിടയാക്കും.
ആണും പെണ്ണും മാത്രം
ബൈഡന്റെ കാലത്ത് എല്‍ജിബിടിക്യു വിഭാഗങ്ങളോടുള്ള തുറന്ന സമീപനങ്ങളെ തള്ളിയ ട്രംപ്, അമേരിക്കയില്‍ ആണും പെണ്ണും എന്നിങ്ങനെ രണ്ടു വര്‍ഗം മാത്രമേയുള്ളൂവെന്ന് വ്യക്തമാക്കി. സർക്കാർ രേഖകളിൽ ലിംഗം രേഖപ്പെടുത്തുന്ന കോളങ്ങളിൽ ഇനി സ്ത്രീ, പുരുഷൻ എന്നിങ്ങനെ മാത്രമേ ഉണ്ടാകൂ. ഈ രണ്ടുവിഭാഗങ്ങളെ മാത്രമേ അമേരിക്കൻ ഫെഡറൽ ഗവൺമെന്റ് അംഗീകരിക്കൂവെന്ന് പ്രഖ്യാപിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.
അടിസ്ഥാന കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോവിഡ് രോഗത്തെ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിർത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്.
ലോകാരോഗ്യസംഘടനയുടെ പ്രവർത്തനത്തിന് നിലവിൽ ഏറ്റവും കൂടുതൽ ഫണ്ട് നൽകുന്നത് അമേരിക്കയാണ്. അതിനാൽതന്നെ പുതിയ തീരുമാനം ഈ യുഎൻ ഏജൻസിയുടെ പ്രവർത്തനം അവതാളത്തിലാക്കിയേക്കും.