അമേരിക്കയിലെ മേരിലാൻഡ് സർവകലാശാലയുടെ ആകാശത്ത് പതിവില്ലാതെ ഒരു ഡ്രോണ്‍ ചുറ്റിക്കറങ്ങുന്നതുകണ്ട സുരക്ഷാ ഉദ്യോഗസ്ഥർ പരിഭ്രാന്തരായി. കാര്യം അന്വേഷിച്ചപ്പോഴാണ് സംഗതി ചെറിയകാര്യമല്ലെന്ന് മനസിലായത്. ആശുപത്രിയിൽ ചികിത്സയിലുള്ള ബാൾട്ടിമോർ സ്വദേശിനിയുടെ ശരീരത്തോട് ചേർക്കാനുള്ള കിഡ്നിയാണ് ഡ്രോണിൽ എന്നറിഞ്ഞതോടെ ഡ്രോണിനെ സുരക്ഷിതമായി ലാൻഡ് ചെയ്യിപ്പിക്കാനുള്ള തിരക്കിലായി എല്ലാവരും.
അവയവദാനം വളരെയധികം പ്രചാരം നേടുന്ന ഇക്കാലത്ത് ഈ മേഖലയിലെ ഏറ്റവും വലിയ പ്രായോഗിക പ്രതിസന്ധിയാണ് അവയവങ്ങൾ കൃത്യസമയത്ത് സ്വീകർത്താവിന് എത്തിക്കുക എന്നുള്ളത്. ഈ പ്രശ്നത്തിനുള്ള പരിഹാരമെന്നോണം നിയന്ത്രിത ഡ്രോണ്‍ ഉപയോഗിച്ച് അവയവങ്ങൾ രാജ്യത്ത് എവിടെയും എത്തിക്കാനുള്ള പരിശ്രമത്തിന്റെ ആദ്യവിജയമായിരുന്നു മേരിലാൻഡിലേത്.
ഒരുകൂട്ടം വിദഗ്ധരുടെ നീണ്ട വർഷത്തെ പഠനത്തിനും പരീക്ഷണത്തിനും ശേഷമാണ് ഈ നവീനസാധ്യത വിജയകരമായി നടപ്പിലാക്കിയത്. ഡോക്ടർമാർ, നഴ്സുമാർ, അവയവദാനം പ്രോത്സാഹിപ്പിക്കുന്ന സന്നദ്ധസംഘടനാ പ്രവർത്തകർ, ഡ്രോണ്‍ വിദഗ്ധർ തുടങ്ങിയ നിരവധിപ്പേരുടെ ആത്മാർഥമായ പരിശ്രമവും സഹകരണവും മൂലമാണ് ഈ അപൂർവ നേട്ടം സാധ്യമായതെന്ന് ഡ്രോണ്‍ പ്രോജക്ടിന്റെ മുഖ്യചുമതലക്കാരനായ ജോസഫ് സ്കാവ പറഞ്ഞു.
ജീവൻതുടിക്കുന്ന അവയവങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോണ്‍ ഉപയോഗിച്ച് പലസ്ഥങ്ങളിൽ എത്തിച്ച് വിജയിച്ച് ശേഷമായിരുന്നു മേരിലാൻഡിലെ ഡ്രോണ്‍ ദൗത്യം. ആംബുലൻസുകളെ അപേക്ഷിച്ച് സുരക്ഷിതമായും വേഗത്തിലും താരതമ്യേന ചിലവുകുറഞ്ഞും ഡ്രോണ്‍വഴിയുള്ള അവയവ വിനിമയം സാധ്യമാകും.
ജീവിതനിലവാരത്തിലും ആരോഗ്യപരിപാലന രംഗത്തും ഉയർന്ന മേഖലയിലുള്ള നമ്മുടെ നാട്ടിലും റോഡിലൂടെ ചീറിപ്പായുന്ന ആംബുലൻസുകളാണ് ഇന്നും ഈ മേഖലയിൽ ആശ്രയം. വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരംകൂടി ലഭിച്ചതോടെ അവയവങ്ങൾ ഉൾപ്പെടെയുള്ള അടിയന്തിര വൈദ്യസഹായ ഉപാധികൾ അമേരിക്കൻ ആശുപത്രികളിൽ ഇനി അക്ഷരാർഥത്തിൽ പറന്നെത്തും.