അമേരിക്കന് ദമ്പതികള് ആക്രമികളില് നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ വീഡിയോ വൈറലാവുന്നു. കെനിയയിലാണ് സംഭവം. ബ്രൈയന്റ് സ്വെന്സനും ഭാര്യ ലൗറെനുമാണ് നവംബര് 30ന് നടന്ന കൊലപാതകശ്രമത്തില് നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുന്നത്. കെനിയയിലെ മായ് മഹിയുവിന് സമീപമുള്ള കാട്ടിന്റെ നടുവിലുള്ള റോഡിലൂടെ കാറോടിച്ച് പോകുമ്പോള് ഇവരുടെ വഴി തടസപ്പെടുത്തി നിര്ത്തിയ വാനില് നിന്നും മുഖം മൂടി ധാരികള് വാള് വീശി ആക്രമിക്കാനെത്തുകയായിരുന്നു. തുടര്ന്ന് സമയോചിതമായി കാര് പുറകോട്ടെടുത്ത് ഡോര് അടച്ച ശേഷം ദമ്പതികള് അതിവേഗം പാഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
പിന്നീല് വാനില് കൊള്ളക്കാര് പിന്തുടര്ന്ന് ഇവരെ വെട്ടിക്കൊല്ലാന് ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് ദമ്പതികള് രക്ഷപ്പെടുകയായിരുന്നു. ഇവരുടെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ വീഡിയോ വൈറലാകുന്നുണ്ട്. യുഎസിലെ ഉത്താഹ് സ്വദേശികളായ ഈ ദമ്പതികള് നിലവില് കെനിയയിലെ നെയ്റോബിയിലാണ് കഴിയുന്നത്. ഇവരെ പിന്തുടര്ന്നെത്തിയ വെളുത്ത വാനില് നിന്നും മീന്ന് മുഖംമൂടി ധാരികളാണ് വാളുമായി ചാടിയിറങ്ങി ആക്രമണത്തിന് ശ്രമിച്ചിരുന്നത്.
ദമ്പതികളുടെ ടൊയോട്ട ലാന്ഡ് ക്രൂയിസറിനെ തങ്ങളുടെ വാന് കൊണ്ട് ഇടിച്ച് മറിച്ചിടാനും ആക്രമികള് ശ്രമിച്ചിരുന്നു. ആക്രമികള് തങ്ങള്ക്ക് നേരെ ഓടി വരുന്നതറിഞ്ഞ് ബ്രൈയന്റ് കാര് അവര്ക്ക് നേരെ റിവേഴ്സ് എടുത്ത് ഭയപ്പെടുത്താന് ശ്രമിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല. തുടര്ന്ന് കാറില് നിന്നും ബ്രൈയന്റും ഭാര്യയും ഇറങ്ങിയോടുകയായിരുന്നു. തുടര്ന്ന് പൊലീസ് കുതിച്ചെത്തുകയും കൊള്ളക്കാരെ പിടികൂടുകയുമായിരുന്നു. അതിനിടെ വീഡിയോയില് വെടിയൊച്ചയും കേള്ക്കാന് സാധിക്കുന്നുണ്ട്.
ദൈവൃകൃപ കൊണ്ട് മാത്രമാണ് തങ്ങള് രക്ഷപ്പെട്ടതെന്നാണ് ദമ്പതികള് പറയുന്നത്. ദമ്പതികളും അവരുടെ മൂന്നു മക്കളും മൂന്നു വര്ഷങ്ങള്ക്കു മുമ്പാണ് കെനിയയിലേക്ക് താമസം മാറ്റിയത്.ഇവിടെ ഇവര് ക്രോസ്ഫിറ്റ് ജിം നടത്തുകയാണ്. ഡിസംബര് ഒന്നിന് തങ്ങള്ക്ക് നേരെ നടന്ന ആക്രമണത്തിന്റെ വീഡിയോ ബ്രൈയന്റ് ഫേസ്ബുക്കില് പോസ്റ്റ് ചെയ്യുകയായിരുന്നു. തങ്ങള്ക്ക് നല്ല ആരോഗ്യമുള്ളതിനാലാണ് ഓടി രക്ഷപ്പെടാന് സാധിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചിരിക്കുന്നു.