ജോലിക്കിടെ മദ്യപിച്ച് വിമാനത്തിനുള്ളിൽ ഉറങ്ങിപ്പോയ വിമാനത്താവള ജീവനക്കാരനെയും കൊണ്ട് വിമാനം രണ്ടുമണിക്കൂർ പറന്നു. അമേരിക്കയിലെ കാൻസാസിലാണ് സംഭവം. യാത്രക്കാരുടെ ബാഗുകൾ വിമാനത്തിൽ കയറ്റിവയ്ക്കുന്ന ജോലിയാണ് അദ്ദേഹം ചെയ്യുന്നത്. ജോലിക്കിടെയിൽ ഇദ്ദേഹം ആരും കാണാതെ വിമാനത്തിനുള്ളിലിരുന്ന് മദ്യപിക്കുകയായിരുന്നു.
അൽപ്പ സമയത്തിനു ശേഷം ഇദ്ദേഹം വിമാനത്തിലെ ബാഗുകൾ വയ്ക്കുന്ന സ്ഥലത്ത് കിടന്ന് ഉറങ്ങുകയും ചെയ്തു. എന്നാൽ ഇദ്ദേഹത്തെ കാണാതായ വിവരം ആരും അറിഞ്ഞില്ല.
പിന്നീട് ഇദ്ദേഹവുമായി വിമാനം ഇവിടെ നിന്നും പറന്നുയർന്നു. രണ്ടു മണിക്കൂറിനുശേഷം വിമാനം ചിക്കാഗോയിൽ പറന്നിറങ്ങിയപ്പോഴാണ് അദ്ദേഹത്തിന് ബോധം വീണത്. പിന്നീട് ഇദ്ദേഹം പോലീസിന്റെ പിടിയിലുമായി. ചോദ്യം ചെയ്തപ്പോൾ താൻ നന്നായി മദ്യപിച്ചിരുന്നുവെന്നും അതിനാലാണ് വിമാനത്തിൽ കിടിന്നുറങ്ങിയതെന്നും അദ്ദേഹം പോലീസിനോടു പറഞ്ഞു.
23 വയസുകാരനായ അദ്ദേഹത്തിനു മേൽ പോലീസ് കുറ്റമൊന്നും ചുമത്തിയിട്ടില്ലെങ്കിലും വിമാന കമ്പനി അദ്ദേഹത്തെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.