വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയെ കണ്ടെത്താനുള്ള മത്സരത്തിൽനിന്നു പിന്മാറുന്നതായി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് അറിയിച്ചു.
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു പിന്തുണ നല്കുമെന്നും വ്യക്തമാക്കി. ഇന്ത്യൻ വംശജ നിക്കി ഹേലി മാത്രമാണ് ഇനി ട്രംപിനെ നേരിടാൻ അവശേഷിക്കുന്നത്. പാർട്ടി അണികളിൽ വ്യക്തമായ സ്വാധീനമുള്ള ട്രംപ് സ്ഥാനാർഥിത്വം ഉറപ്പിച്ച മട്ടാണ്.
സ്ഥാനാർഥിത്വത്തിനായി ഏഴു മാസം നടത്തിയ പ്രചാരണം അവസാനിപ്പിക്കുന്നതായി ഡിസാന്റിസ് അറിയിച്ചു. സ്ഥാനാർഥിത്വം ലഭിക്കാനുള്ള സാധ്യതകൾ അസ്തമിച്ചതായി അദ്ദേഹം സൂചിപ്പിച്ചു.
നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനെ നേരിടാൻ ട്രംപിനു മാത്രമേ കഴിയൂ എന്നും കൂട്ടിച്ചേർത്തു.ന്യൂ ഹാംപ്ഷെയർ സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പ്രൈമറിക്കു തൊട്ടുമുന്പാണു ഡിസാന്റിസ് പിന്മാറ്റം പ്രഖ്യാപിച്ചത്.
ഏറെ പ്രതീക്ഷയും സാധ്യതയും കല്പിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്, നേരത്തേ നടന്ന അയോവ കോക്കസിൽ 19 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനമാണു ലഭിച്ചത്. ട്രംപ് 51 ശതമാനവുമായി തകർപ്പൻ ജയം നേടിയപ്പോൾ നിക്കി ഹേലി 21 ശതമാനവുമായി രണ്ടാമതെത്തി.
ന്യൂ ഹാംപ്ഷെയർ പ്രൈമറിയിലും തിരിച്ചടി നേരിടാമെന്ന തിരിച്ചറിവിലാണു ഡിസാന്റിസ് മത്സരം ഉപേക്ഷിച്ചത്. അയോവ കോക്കസിൽ നേട്ടമുണ്ടാക്കാതിരുന്ന മലയാളി വംശജൻ വിവേക് രാമസ്വാമി മത്സരരംഗത്തുനിന്നു പിന്മാറി ട്രംപിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.