വാഷിംഗ്ടൺ ഡിസി: ജോലിസ്ഥലത്ത് ഹിന്ദി പറഞ്ഞതിന്റെ പേരിൽ പുറത്താക്കിയെന്ന ആരോപണവുമായി ഇന്ത്യൻ വംശജനായ എൻജിനിയർ കോടതിയിൽ.
എഴുപത്തെട്ടുകാരനായ അനിൽ വർഷ്ണിയാണ് അമേരിക്കൻ പ്രതിരോധ കന്പനിയായ പാർസൺസ് കോർപറേഷനെതിരേ അലബാമയിലെ കോടതിയിൽ കേസ് കൊടുത്തിരിക്കുന്നത്.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇദ്ദേഹം കന്പനിയിൽവച്ച് സ്വന്തം ഫോണിൽ ഇന്ത്യയിലുള്ള മരണാസന്നനായ ബന്ധുവിനോടു സംസാരിച്ചതാണു പ്രശ്നമായത്.
പ്രതിരോധരഹസ്യങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ സർക്കാരിന്റെ നിയന്ത്രണമുള്ള ജോലിസ്ഥലത്തുവച്ച് ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ കന്പനി പിറ്റേമാസം പുറത്താക്കുകയായിരുന്നു.
മുന്പും സമാന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും കന്പനി പറയുന്നു. എന്നാൽ, ഫോൺ ഉപയോഗിച്ച സ്ഥലത്ത് രഹസ്യങ്ങളൊന്നും സൂക്ഷിരുന്നില്ലെന്നും അന്വേഷണം നടത്താതെയാണ് പുറത്താക്കിയതെന്നും അനിൽ വർഷ്ണി വാദിക്കുന്നു.