വാഷിംഗ്ടൺ ഡിസി: യുഎസിൽ 18പേരെ വെടിവച്ചു കൊലപ്പെടുത്തിയ അക്രമിയെ മരിച്ചനിലയിൽ കണ്ടെത്തി. റോബർട്ട് കാർഡ്(40)ന്റെ മൃതദേഹമാണ് ലൂയിസ്റ്റണിൽനിന്ന് എട്ട് മൈൽ അകലെയുള്ള വനത്തിൽ കണ്ടെത്തിയത്. ആക്രമണം നടന്ന് രണ്ടുദിവസത്തിനു ശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം.
യുഎസിലെ ലൂയിസ്റ്റൺ നഗരത്തിലാണു വെടിവയ്പുണ്ടായത്. വെടിവയ്പിൽ 13 പേർക്കു പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനു പിന്നാലെ മെയിൻ സംസ്ഥാനത്തുടനീളം ഇയാൾക്കായി ഊർജിത തെരച്ചിൽ നടന്നിരുന്നു.
ലൂയിസ്റ്റൺ നഗരത്തിൽ ബുധനാഴ്ച വൈകിട്ട് ഏഴോടെയാണു സംഭവങ്ങളുടെ തുടക്കം. റസ്റ്ററന്റിലും ബൗളിംഗ് വിനോദകേന്ദ്രത്തിലും തോക്കുമായെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. മെയിൻ സംസ്ഥാനത്തെ പോലീസ് സേന മുഴുവൻ അക്രമിയെ പിടികൂടാനുള്ള ശ്രമത്തിൽ 38,000 പേർ വസിക്കുന്ന ലൂയിസ്റ്റൺ നഗരം അടച്ചുപൂട്ടി തെരച്ചിൽ നടത്തിയിരുന്നു.
ലൂയിസ്റ്റണിനും അയൽ നഗരമായ ലിസ്ബണിലും ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പോലീസ് നിർദേശിച്ചിരുന്നു. ഇയാളെ കണ്ടെത്താൻ ഫെഡറൽ സുരക്ഷാ ഏജൻസികൾ പോലീസിനെ സഹായിച്ചിരുന്നു.