രാജകുമാരി: പാസ്പോർട്ടോ വീസയോ ഇല്ലാതെ ഫ്ളൈറ്റ് ടിക്കറ്റോ എമിഗ്രേഷൻ നടപടികളോ കൂടാതെ അമേരിക്കൻ കുന്നിലേക്ക് ടൂർ പോകണോ, എങ്കിൽ കൊന്നത്തടി പഞ്ചായത്തിലെ മുനിയറയിലേക്ക് വരൂ.
പൊൻമുടി ജലാശയത്താൽ തൊണ്ണൂറ് ശതമാനവും ചുറ്റപ്പെട്ട് പുറംലോകത്തുനിന്നും ഏറെക്കുറെ പൂർണമായി ഒറ്റപ്പെട്ടുകിടക്കുന്ന മനോഹര പ്രദേശമാണ് അമേരിക്കൻ കുന്ന്.
കൊന്നത്തടി പഞ്ചായത്തിന്റെ വടക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കാടിനു നടുവിലെ ഈ കുടിയേറ്റഗ്രാമത്തിൽ എത്തിയാൽ കാലത്തിനു പിന്നിലേക്ക് അരനൂറ്റാണ്ടിലേറെ സഞ്ചരിച്ചതായി തോന്നും.
കൊന്പൊടിഞ്ഞാൽ, മുനിയറ എന്നിവിടങ്ങളിൽനിന്നും വനത്തിലൂടെ അഞ്ചു കിലോമീറ്ററോളം കാൽനടയായോ രാജാക്കാട് പഞ്ചായത്തിലെ കള്ളിമാലി ഭാഗത്തുനിന്നും പൊന്മുടി ജലാശയത്തിനു കുറുകെ പതിനഞ്ച് മിനിറ്റ് വള്ളത്തിൽ യാത്ര ചെയ്തശേഷം മുക്കാൽ കിലോമീറ്ററോളം പാറക്കെട്ട് നിറഞ്ഞ കാട്ടുപാതയിലൂടെ മല കയറിയാലോ ഇവിടെ എത്താം.
പതിനഞ്ചോളം കുടുംബങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. പ്രകൃതിയെ മുറിവേൽപ്പിക്കാതെ കൃഷി ചെയ്തും മീൻ പിടിച്ചും സംതൃപ്തിയോടെ ഇവർ ഇവിടെ കഴിയുന്നു.
പ്ലാസ്റ്റിക്കോ, ചുറ്റുപാടുകളെ നശിപ്പിക്കുന്ന മാരക രാസ കീടനാശിനികളോ, വളങ്ങളോ മലിനമാക്കാത്ത ഈ ഹരിതവനം ഒരിക്കൽ എഴുപതോളം കുടുംബങ്ങൾ ജീവിച്ചുവന്ന മികച്ചൊരു ജനവാസ കേന്ദ്രമായിരുന്നു.
മലയടിവാരത്തെ പന്നിയാർ പുഴയോരങ്ങളും പള്ളിക്കുന്ന് എന്ന ചെറുപട്ടണവും ഹൈറേഞ്ചിലെ മറ്റേതൊരു കുടിയേറ്റ പ്രദേശത്തോടും കിടപിടിക്കുന്നതായിരുന്നു.
1960കളിൽ പുഴയ്ക്ക് കുറുകെ പൊന്മുടി അണക്കെട്ട് നിർമിക്കുന്നതിന്റെ മുന്നോടിയായി ഇതിൽ അൻപതോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു.
ഡാം യാഥാർഥ്യമായതോടെ ഇവർക്ക് പുറംലോകത്ത് എത്തുവാൻ വള്ളങ്ങളായി പ്രധാന ആശ്രയം.
അരിയും മരുന്നും പലവ്യഞ്ജനങ്ങളും വാങ്ങുന്നതിനും കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും കാർഷികോൽപന്നങ്ങൾ വിപണികളിൽ എത്തിച്ച് വിൽക്കുന്നതിനും പൊന്മുടിയിലും രാജാക്കാട് ഭാഗത്തേക്കും എത്തുന്നതിന് വള്ളമാണ് അന്നും ഇന്നും ആശ്രയം.
മറ്റൊരു വഴി മുനിയറ ഭാഗത്തേക്കുള്ള അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള കാനന പാതയാണ്.
വൈദ്യുതി എത്തിയതും അങ്കണവാടി ആരംഭിച്ചതും തൊഴിലുറപ്പ് പദ്ധതിയും മാത്രമാണ് 60 ആണ്ടിനിടെ ഉണ്ടായ വികസനം.
കിഴക്ക് – പടിഞ്ഞാറായി നീണ്ടുകിടക്കുന്ന മലയുടെ നെറുകയിൽ നിന്നാൽ ചൊക്രമുടി, ദേവികുളം ഗ്യാപ്പ്, കള്ളിമാലി മലനിരകൾ, പോത്തുപാറ, മരക്കാനം, കൊന്പൊടിഞ്ഞാൽ, ഇടുക്കി മലനിരകൾ തുടങ്ങിയവയുടെ വിദൂര കാഴ്ചകളും കാണാം.
ട്രക്കിംഗ് ഉൾപ്പെടെ അനന്തമായ ടൂറിസം സാധ്യതകളുള്ള പ്രദേശവുമാണ് ’അമേരിക്കൻ കുന്ന്’.